തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില ഓണത്തിന് മുമ്പ് സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ഓണത്തിന് മുമ്പ് മുഴുവന്‍ കര്‍ഷകരുടെയും തുക നല്‍കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് സീസണുകളിലായി 2,70.143 കര്‍ഷകരില്‍ നിന്നായി 5,81,000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. 1645 കോടി രൂപയുടെ നെല്ലാണ് ആകെ സംഭരിച്ചത്. ഇനി 350 കോടി രൂപ കര്‍ഷകര്‍ക്ക് ബാക്കി നല്‍കാനുണ്ട്. മേയ് 10 വരെയുള്ള തുക അനുവദിച്ചു. മേയ്‌ക്കു ശേഷമുള്ള തുകയാണ് ഇനി നല്‍കാനുള്ളത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മിനിമം സപ്പോര്‍ട്ട് പ്രൈസ് ഇനത്തില്‍ ഈ സംഭരണ വര്‍ഷത്തില്‍ ഒരു രൂപയും ലഭിച്ചിട്ടില്ല. കൂടാതെ 2017 മുതലുള്ള കുടിശികയില്‍ 1108 കോടി കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ആറുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ സര്‍ക്കാര്‍ മരവിപ്പിക്കുമെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഭേദഗതി ഉത്തരവ് പ്രകാരം ആറു മാസം റേഷന്‍ വാങ്ങാത്ത എഐവൈ, പിഎച്ച്എച്ച് വിഭാഗത്തിലെ കാര്‍ഡുകള്‍ മാത്രമേ താല്ക്കാലികമായി മരവിപ്പിക്കാന്‍ സാധിക്കൂ. മുന്‍ഗണനാ കാര്‍ഡുകാര്‍ കൃത്യമായി ഭക്ഷ്യധാന്യം വാങ്ങുന്നുണ്ട്.
വളരെ കുറച്ചു പേര്‍ മാത്രമേ വാങ്ങാതെയുള്ളു. 98. 3 ശതമാനം മസ്റ്ററിങ് പൂര്‍ത്തിയാക്കാനും കഴിഞ്ഞിട്ടുണ്ട്. ഇതരം വാര്‍ത്തകള്‍ ഗുണത്തിനു പകരം ദോഷമേ ചെയ്യൂവെന്നും മന്ത്രി പറഞ്ഞു.
















