ന്യൂദല്‍ഹി: ഇന്ന് പാകിസ്ഥാന്‍കാര്‍ സൂപ്പര്‍ ഹീറോ ആയി വാഴ്‌ത്തുന്നത് ഒരു ഇന്ത്യന്‍ രാഷ്‌ട്രീയനേതാവിനെയാണ്- ഇന്ത്യയുടെ പ്രതിപക്ഷനേതാവായ രാഹുല്‍ ഗാന്ധി. കാരണം ഈയിടെ നടന്ന ഇന്ത്യാ-പാക് യുദ്ധത്തില്‍ പാകിസ്ഥാന്‍ എന്താണോ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് അത് ഉച്ചത്തില്‍ കൊട്ടിഘോഷിക്കുന്ന രാഹുല്‍ ഗാന്ധി പാകിസ്ഥാനിലെ പത്രങ്ങളിലും ടിവി ചാനലുകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ്.
ഇന്ത്യ യുടെ പല സൈനിക കേന്ദ്രങ്ങളും അഞ്ചോളം യുദ്ധ വിമാനങ്ങളും തകർത്തു എന്നാണ് പാകിസ്ഥാന്‍ വാദിക്കുന്നത്. അത് തന്നെയാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ചത്. വാസ്തവത്തില്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളോ, യുദ്ധ വിമാനങ്ങളോ തൊടാന്‍ പോലും പാകിസ്ഥാന് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. മാത്രമല്ല, ഇതിന് തെളിവ് പാകിസ്ഥാന് ഇത് വരെ നല്‍കാനും കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പാകിസ്ഥാനോട് തെളിവ് ചോദിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറല്ല. വാസ്തവത്തില്‍ ഭൂമിയിലെ ചെറിയ വസ്തുക്കളെപ്പോലും വ്യക്തതയോടെ പകര്‍ത്താന്‍ കഴിയുന്ന ചൈനയുടെ ഉപഗ്രഹസഹായം ലഭിച്ച സ്ഥിതിയ്‌ക്ക് പാകിസ്ഥാന് തകര്‍ന്ന ഇന്ത്യന്‍ യുദ്ധവിമാനങ്ങളുടെ ഫോട്ടോ സംഘടിപ്പിക്കാന്‍ എളുപ്പമാണ്. എന്നിട്ടും അവര്‍ക്ക് അതിന് കഴിഞ്ഞിട്ടില്ല. എന്നിട്ടും പാകിസ്ഥാന്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ത്തു എന്ന നുണ ആവര്‍ത്തിക്കുകയാണ് രാഹുല്‍ ഗാന്ധി.
പാകിസ്ഥാന്‍ വാദികള്‍ സമൂഹമാധ്യമങ്ങളില്‍ തകര്‍ന്ന ഇന്ത്യന്‍ വിമാനങ്ങളുടെ പഴയ വീഡിയോയും ചിത്രങ്ങളും കാട്ടി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ നുണ സ്ഥാപിക്കാന്‍ അവര്‍ കൂട്ടുപിടിക്കുന്നത് രാഹുല്‍ ഗാന്ധി ഇന്ത്യയെ ചോദ്യം ചെയ്യുന്ന വീഡിയോകള്‍ ആണ്.
ഇന്നുവരെ എത്ര പാകിസ്ഥാന്‍ വിമാനങ്ങള്‍ ഇന്ത്യ വെടിവെച്ച് വീഴ്‌ത്തി എന്ന കാര്യമോ ഇന്ത്യ പാകിസ്ഥാനിലേക്ക് കടന്നുകയറി നൂറോളം ഭീകരരെ കൊന്ന് പാക് ഭീകരകേന്ദ്രങ്ങളില്‍ നാശം വിതച്ച കാര്യമോ പാകിസ്ഥാനിലെ ഒമ്പത് എയര്‍ബേസുകളില്‍ ബ്രഹ്മോസ് താണ്ഡവമാടിയ കാര്യമോ പാകിസ്ഥാന്‍ അയച്ച നൂറുകണക്കിന് ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്ത കാര്യമോ തുറന്ന് പറയാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമായി എന്ന് തുടര്‍ച്ചയായി സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇത് പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ ആഘോഷിക്കുകയാണ്.
പാകിസ്ഥാനെ ആക്രമിക്കുന്നതിന് മുന്‍പ് എന്തിനാണ് അറിയിപ്പുകൊടുത്തത്? എന്തിനാണ് വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ സൈനികമേധാവിയുമായി സംസാരിച്ചത്? എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു ചോദ്യം. പക്ഷെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് പാകിസ്ഥാന്റെ സൈനികമേധാവികളെ ഇക്കാര്യം അറിയിച്ചതെന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം രാഹുല്‍ ഗാന്ധി ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ ഈ ചോദ്യവും ഇന്ത്യയെ പരിഹസിക്കാന്‍ പാകിസ്ഥാന്‍ ഉപയോഗിക്കുന്നു.
















