തിരുവനന്തപുരം: ഓണക്കാലത്ത് തടസമില്ലാതെ മുഴുവന്‍ സബ്‌സിഡി സാധനങ്ങളും ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സപ്ലൈകോ. എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നല്‍കും.ആഗസ്റ്റ് 18 മുതല്‍ സെപ്തംബര്‍ 2 വരെയാണ് കിറ്റ് വിതരണം.
വന്‍ പയറിന് 75 രൂപയില്‍ നിന്നും 70 രൂപയായും തുവര പരിപ്പിന് 105 രൂപയില്‍ നിന്ന് 93 രൂപയായും വില കുറച്ചിട്ടുണ്ട്. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും ഒരു കിലോയായി വര്‍ദ്ധിപ്പിച്ചു. (കിലോയ്‌ക്ക് 115.5/ അര കിലോയ്‌ക്ക് 57.50/) വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്‌സിഡി സാധനങ്ങളും ഇപ്പോള്‍ ഔട്ട് ലെറ്റുകളില്‍ ഉണ്ട്.
സപ്ലൈകോയുടെ മൂന്ന് പ്രധാന ഔട്ട്‌ലെറ്റുകള്‍ ഈ വര്‍ഷം സിഗ്‌നേച്ചര്‍ മാര്‍ട്ട് എന്ന പേരില്‍ പ്രീമിയം ഔട്ട് ലെറ്റുകള്‍ ആക്കും. ഈ ഓണക്കാലത്ത് തലശേരി ഹൈപ്പര്‍മാര്‍ക്കറ്റ്, സിഗ്‌നേച്ചര്‍ മാര്‍ട്ട് ആക്കി മാറ്റും. സപ്ലൈകോയുടെ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റ്, എറണാകുളം ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയും സിഗ്‌നേച്ചര്‍ മാര്‍ട്ടുകളായി നവീകരിക്കും.















