കൊച്ചി: നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന പരാതിയില്‍ സൈബര്‍ പോലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക്ക് ഐഡിയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇന്നലെയാണ് മാല പാര്‍വതി കൊച്ചി സിറ്റി പോലീസില്‍ പരാതി നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മാല പാർവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിക്കുന്നു എന്നതാണ് കേസ്.
മാല പാര്‍വതിയുടെ പേരില്‍ 15,000 ആളുകൾ അംഗങ്ങളായുള്ള ഫേസ്ബുക്ക് പേജിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് മാല പാര്‍വതി പറയുന്നു. തന്റെ മാത്രമല്ല നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പങ്കുവെക്കുന്നുണ്ടെന്നും മാല പാര്‍വതി പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരാണ് പേജിന്റെ അഡ്മിൻ എന്ന കാര്യം വ്യക്തമല്ല. പ്രതിക്കായുള്ള തെരച്ചിലിലാണ് പോലീസ്.
















