കോട്ടയം: ഇടിച്ചു വീഴ്‌ത്താന്‍ ശ്രമിച്ച സ്വകാര്യ ബസ് ഡ്രൈവറോട് കയര്‍ത്തതിന്‌റെ പേരില്‍ യുവാവിനെ ഏറ്റുമാനൂര്‍ എസ്എച്ച് ഒ അന്‍സല്‍ പൊതുനിരത്തില്‍ വച്ച് മൃഗീയമായി തല്ലിച്ചതച്ചതിനെതിരെ മാതാപിതാക്കള്‍ നിയമനടപടിക്ക്. വിഷാദ രോഗത്തിന് ചികിത്സയിലുള്ള മകന്‍ അഭയ് എസ് രാജീവിനെ മര്‍ദിച്ച ഈ ഉദ്യോഗസ്ഥന്‍ കൂടുതല്‍ കേസുകള്‍ കെട്ടിച്ചമയ്‌ക്കുകയാണെന്നും കിടങ്ങൂര്‍ പഞ്ചായത്ത് സെക്രട്ടറി കൂടിയായ പിതാവ് രാജീവും ഭാര്യ മായയും ആരോപിച്ചു. വിവരാവകാശനിയമ പ്രകാരം ലഭിച്ച വീഡിയോ രാജീവ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. പോലീസിനു പുറമേ എസ്സി എസ്ടി കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
നേരത്തെ ഡിഐജിക്ക് നല്‍കിയ പരാതിയില്‍ നിഷ്പക്ഷമായി അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ മാറ്റി പകരം വിവാദ ഓഫീസറെ നിയോഗിച്ചതോടെ അന്വേഷണം തകിടം മറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് വിവരാവകാശ പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച മാതാപിതാക്കള്‍ അത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. മാര്‍ച്ച് 20ന് നടന്ന സംഭവത്തെക്കുറിച്ച് അന്നു തന്നെ പരാതിപ്പെട്ടിരുന്നു.
എസ്ച്ച്ഒ ഭ്രാന്തമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഹെല്‍മറ്റ് പിടിച്ചു വാങ്ങിയും മര്‍ദിക്കുകയും ഫോണ്‍ നിലത്തെറിഞ്ഞ് ഉടക്കുന്നതും കാണാം. മകന്റെ ദേഹത്തെ തിണിര്‍ത്ത പാടുകളുളള ചിത്രങ്ങളും മാതാപിതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചു.
















