കൊച്ചി: കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീറ്റ് സംവരണത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍, ഓര്‍ഡിനറി, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ തരംതിരിവുകള്‍ പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ അടക്കം ഇതിനായി മാറ്റം വരുത്തണം.ഓണ്‍ലൈനായി സീറ്റുകള്‍ റിസര്‍വ് ചെയ്യുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് സീറ്റ് സംവരണം ഏര്‍പ്പെടുത്താനാവില്ലെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി. പറഞ്ഞത്. കമ്മീഷന്‍ ഇതംഗീകരിച്ചില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരക്ഷണവും സമാധാനവും സുരക്ഷിതത്വവും ഭരണഘടനയുടെ 41-ാം അനുച്ഛേദം ഉറപ്പുനല്‍കുന്നുണ്ടെന്നും അത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നും ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ചൂണ്ടിക്കാട്ടി.
















