തിരുവനന്തപുരം: പരിഷ്‌കരിച്ച സ്‌കൂള്‍ ഉച്ചഭക്ഷണ മെനു ആഗസ്ത് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ നിര്‍ദേശം. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. അതേസമയം വിപണി വിലയ്‌ക്ക് അനുസരിച്ച് കുട്ടികള്‍ക്ക് നല്‍കുന്ന തുകയ്‌ക്ക് നിരക്കില്‍ വര്‍ദ്ധന വരുത്തിയിട്ടില്ല. പാചകതൊഴിലാളികള്‍ക്ക് ഇരട്ടി ജോലിയും ആയതോടെ അദ്ധ്യാപകരും തൊഴിലാളികളും ആശങ്കയിലാണ്.
വെബിറ്റബിള്‍ ഫ്രൈഡ് റൈസ്, കോക്കനട്ട് റൈസ്, വെജിറ്റബിള്‍ മോളി, ലെമന്‍ റൈസ് തുടങ്ങിയവയാണ് പുതുക്കിയ മെനുവിലെ പ്രധാന വിഭവങ്ങള്‍. പാചകതൊഴിലാളികളില്‍ ഏറെയും പ്രായമേറിയവരാണ്. പുതിയ വിഭവങ്ങളില്‍ പലതും തയാറാക്കാന്‍ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് അറിയില്ല. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പോലും അറിയാത്തവരാണ് പലരും. ഇതോടെ യൂട്യൂബ് നോക്കി പാചകം ചെയ്യലും അസാധ്യമാണ്. ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അദ്ധ്യാപകര്‍ക്കും പാചകതൊഴിലാളികള്‍ക്കും പരിശീലനം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
150 ല്‍ അധികം കുട്ടികളുള്ള സ്‌കൂളില്‍ ഒരു പാചകത്തൊഴിലാളി കൂടി വേണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. 500നു മേല്‍ കുട്ടികളുള്ള സ്‌കൂളില്‍ മാത്രമാണ് ഇപ്പോള്‍ രണ്ടു പാചകത്തൊഴിലാളികള്‍ ഉള്ളത്. ഏറെ സ്‌കൂളുകളും അദ്ധ്യാപകരുടെ കൈയില്‍ നിന്നും പണം സ്വരൂപിച്ച് കൂലി കൊടുത്ത് മറ്റൊരാളെ സഹായത്തിനു നിര്‍ത്തിയാണ് പാചകം ചെയ്യുന്നത്. ഇവരുടെ മാസ വേതനം 600 രൂപയാണ്. 4 വര്‍ഷം മുമ്പ് 50രൂപ വര്‍ദ്ധിപ്പിച്ചെങ്കിലും ഇതുവരെ നല്‍കിയിട്ടുമില്ല.
ഇതിന് പുറമെയാണ് തേങ്ങാചമ്മന്തിയും ചക്കക്കുരു പുഴുക്കും വാഴക്കൂമ്പ് തോരനും പനീര്‍ കറിയും ഉള്‍പ്പെടെ വിഭവങ്ങളും. തേങ്ങാവിലയും വെളിച്ചെണ്ണ വിലയും കുതിക്കുകയാണ്. ചക്ക സീസണ്‍ കഴിഞ്ഞാന്‍ ചക്കക്കുരു കിട്ടില്ല. പൊണ്ണത്തടി വരുന്നതിനാല്‍ എണ്ണയുടെ ഉപയോഗം 10% കുറയ്‌ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം മെയ് മാസത്തിലാണ് പുറത്തുവന്നത്. എന്നാല്‍ പുതിയ മെനു ഇതിനു ഫാഷന്‍ ഷോയില്‍ ഘടകവിരുദ്ധമാണ്. പുതിയ മെനു പ്രകാരം കൂടുതല്‍ എണ്ണ ഉപയോഗിക്കേണ്ടിവരുമെന്ന് പാചക ത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രീ െ്രെപമറി മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് 6.78 രൂപയും 6 മുതല്‍ 8 വരെ 10.17 രൂപയുമാണ് പാചകച്ചെലവിന് ഇപ്പോള്‍ അനുവദിക്കുന്ന നിരക്ക്. പുതിയ മെനുവിലെ വിഭവങ്ങള്‍ ഒരുക്കാന്‍ ഈ തുക തീര്‍ത്തും അപര്യാപ്തമാണ്. നിരവധി തവണ തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ത്തിയെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. പുതിയ മെനുകൂടി നടപ്പിലാകുന്നതോടെ അദ്ധ്യാപകര്‍ വീണ്ടും കടക്കെണിയിലാകും. ഇതോടെ അദ്ധ്യാപകര്‍ കടുത്ത ആശങ്കയിലാണ്.













