ന്യൂദൽഹി: ഉടൻ സ്ഥിരം വൈസ് ചാൻസിലർമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി. അതുവരെ താൽക്കാലിക വിസിമാർക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. സ്ഥിരം വിസിമാർക്കായി ഗവർണർ വിജ്ഞാപനം ഇറക്കണമെന്നും കോടതി നിർദേശം നല്‍കി. സ്ഥിരം വിസി നിയമനത്തിന് സർക്കാറും ഗവർണറും യോജിച്ച് പ്രവർത്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
കെടിയു, ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വി സിമാർക്ക് തുടരാമെന്നാണ് സുപ്രിംകോടതി അറിയിച്ചത്. സ്ഥിരം വിസി നിയമനത്തിന് യോജിച്ച് പ്രവർത്തിക്കണം. സർക്കാരും ഗവർണറും തമ്മിൽ ഇതിന് തുടക്കം കുറിയ്‌ക്കണം. പുതിയ വി സിമാരെ നിയമിക്കുന്നത് വരെ നിലവിലുള്ള താൽകാലിക വിസി മാർ തുടരുന്നതിൽ വിഞ്ജാപനം ഇറക്കാൻ ചാൻസിലറോട് കോടതി നിര്‍ദേശിച്ചു.
വിസി നിയമനം നീളുന്നത് വിദ്യാർത്ഥികളെയാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയങ്ങൾ ഒരു കോടതിയിലും എത്തരുതെന്നാണ് കരുതുന്നതെന്നും പറഞ്ഞു. ഗവർണറുടെ ഹർജി തള്ളിയാൽ എന്താകും സംഭവിക്കുകയെന്ന് കോടതി ചോദിച്ചു. സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് നേടിയെന്ന് എജി പറഞ്ഞു. ദയവായി രാഷ്‌ട്രീയം കൊണ്ടുവരുതെന്നും സർക്കാർ സഹകരിച്ച് പോകണമെന്നും കോടതി വ്യക്തമാക്കി.
















