തിരുവനന്തപുരം: മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന ‘ബ്രേക്കിംഗ് ഇന്ത്യ’ എന്ന ഗ്രന്ഥത്തിന്റെ മലയാള പതിപ്പ് ‘തകർക്കപ്പെടുന്ന ഇന്ത്യ’ പ്രകാശനം ചെയ്യുന്നു. പ്രസിദ്ധ ഹിന്ദു ചിന്തകനും അമേരിക്കന്‍ ഇന്ത്യനുമായ രാജീവ് മല്‍ഹോത്ര, കന്യാകുമാരി സ്വദേശിയും എഴുത്തുകാരനുമായ അരവിന്ദന്‍ നീലകണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് 2011 ല്‍ എഴുതിയ ഇംഗ്ലീഷ് പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്.
ഇന്ത്യന്‍ സമൂഹത്തിലെ വിടവുകള്‍ കണ്ടെത്തി അവയെ വളര്‍ത്തി വലുതാക്കി ഇന്ത്യാ മഹാരാജ്യത്തെ ചിഹ്ന ഭിന്നമാക്കാന്‍ ചില വന്‍കിട പ്രോജക്റ്റുകള്‍ തന്നെ നടക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഈ ഗ്രന്ഥത്തിലൂടെ ഗവേഷകര്‍ പുറത്തു കൊണ്ടുവന്നത്. പാശ്ചാത്യ യൂണിവേഴ്സിറ്റികള്‍ കേന്ദ്രീകരിച്ച് കോടിക്കണക്കിനു ഡോളറുകളും നൂറുക്കണക്കിന് ഗവേഷകരുടെ മനുഷ്യശേഷിയും ഉപയോഗപ്പെടുത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടത്തപ്പെടുന്നവയാണ് ഈ പ്രോജക്റ്റുകള്‍. ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്തരായ പല അക്കാദമിക വിദഗ്ദരും സാമൂഹ്യ പ്രവര്‍ത്തകരും എന്‍ജിഓകളും ഈ പ്രോജക്റ്റുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. വേണ്ടത്ര തെളിവുകളും ഡാറ്റകളും നിരത്തിയാണ് ഈ ഗ്രന്ഥം അത് സ്ഥാപിക്കുന്നത്.
മതപരിവര്‍ത്തന മാഫിയയും, ദ്രാവിഡ രാഷ്‌ട്രീയവും, ആര്യന്‍ അധിനിവേശ സിദ്ധാന്തവും, അര്‍ബന്‍ നക്സലുകളുമൊക്കെ എങ്ങനെ പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുന്നു എന്ന് ഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിന്റെ ഗൗരവം കാരണം കുറഞ്ഞ സമയം കൊണ്ടു തന്നെ തമിഴ്, കന്നഡ, ഹിന്ദി പതിപ്പുകള്‍ ഉണ്ടായി. ഈ പുസ്തകം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ കൂടുതല്‍ മലയാളികളിലേക്ക് എത്തിച്ചേരാന്‍ ഒരു മലയാളം പതിപ്പിന്റെ ആവശ്യം ഉണ്ടായിരുന്നു. ആ സ്വപ്നമാണ് ഇപ്പോള്‍ സക്ഷാത്ക്കരിച്ചിരിക്കുന്നത്.
ജൂലായ് 29 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വച്ച് ബഹു. കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പുസ്തകം പ്രകാശനം ചെയ്യും. രാഷ്‌ട്രീയ നിരീക്ഷകനും സംവാദകനുമായ ശ്രീജിത്ത് പണിക്കര്‍ പുസ്തകത്തെ പരിചയപ്പെടുത്തും. മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പയ്യന്നൂർ രവിയാണ് പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
പുസ്തക പ്രകാശന ചടങ്ങിനു ശേഷം 6:30 മുതല്‍ Un-Breaking Kerala: Challenges and Opportunities എന്ന വിഷയത്തില്‍ ഗ്രന്ഥകാരനായ രാജീവ് മല്‍ഹോത്ര, ശ്രീജിത്ത് പണിക്കര്‍, രവീന്ദ്രന്‍, അങ്കിത് ഷാ, രാജീവ് ശ്രീനിവാസന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പാനല്‍ ചര്‍ച്ചയും നടക്കും.
















