തിരുവനന്തപുരം: മുതിര്‍ന്ന സി പി എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ഒരു കൊച്ചുപെണ്‍കുട്ടി പറഞ്ഞെന്ന് വെളിപ്പെടുത്തി സിപിഎം നേതാവ് കെ സുരേഷ് കുറുപ്പ്.ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയില്‍ ആയിരുന്നു ഇത്. ഇതിനുശേഷമാണ് വി എസ് സമ്മേളനത്തില്‍ നിന്നും മടങ്ങിയതെന്നും ഒരു ദിനപത്രത്തിന്റെ വാരന്ത്യപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ കെ സുരേഷ് കുറുപ്പ് പറയുന്നു.
ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന പരാമര്‍ശം വന്നതിന് പിന്നാലെ തലകുനിക്കാതെ ഒന്നും ഉരിയാടാതെ ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കുപോയി. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്ന് സുരേഷ് കുറുപ്പ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
മുമ്പ് വിഎസ് പക്ഷത്തെ ശക്തനായ നേതാവായിരുന്നു സുരേഷ് കുറുപ്പ്.
ഒറ്റപ്പെട്ടപ്പോഴും വി എസ് പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നതായിരുന്നു വിഎസിന്റെ നയം. അദേഹത്തിന്റെ കൊച്ചുമക്കളുടെ പ്രായം മാത്രമുള്ള കുട്ടികള്‍ സമ്മേളനങ്ങളില്‍ വി എസിനെതിരെ നിലവിട്ട് അധിക്ഷേപം ഉന്നയിച്ചു- ലേഖനത്തില്‍ സുരേഷ് കുറുപ്പ് പറയുന്നു.
എന്നാല്‍ ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ആരാണ് ആവശ്യപ്പെട്ടതെന്ന് സുരേഷ് കുറുപ്പ് വ്യക്തമാക്കിയിട്ടില്ല.നേരത്തേ പിരപ്പന്‍കോട് മുരളി എം സ്വരാജിന് നേരെ ഇത്തരം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തല്‍ സിപിഎം സംസ്ഥാന നേതൃത്വം തള്ളിയിരുന്നു.
















