ജോര്‍ജ്ജിയ: ഫിഡെ ലോക വനിതാ ചെസ് കിരീടത്തിന് രണ്ട് ഇന്ത്യക്കാരികളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞു. ആദ്യ റൗണ്ടിലെ ക്ലാസിക് ചെസ് മത്സരമാണ് സമനിലയില്‍ കലാശിച്ചത്.
ഇതോടെ രണ്ട് പേര്‍ക്കും അര പോയിന്‍റ് വീതമായി. പൊരിഞ്ഞ പോരില്‍ രണ്ടുകൂട്ടരും ഒരു ഇഞ്ച് പോലും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ മത്സരം സമനിലയിലേക്ക് പോകുന്നു എന്ന് ഉറപ്പായപ്പോള്‍ മൂന്ന് കരുനീക്കങ്ങള്‍ കൊനേരു ഹംപി ആവര്‍ത്തിച്ചതോടെ ഇരുവരും സമനിലയില്‍ പിരിയുകയായിരുന്നു.
ക്വീന്‍സ് ഗാംബിറ്റ് ആക്സപ്റ്റഡ്
ദിവ്യദേശ്മുഖ് വെള്ളക്കരുക്കളും ഹംപി കറുത്ത കരുക്കളും കൊണ്ടാണ് കളിച്ചത്. ഇരുവരും ക്വീന്‍സ് ഗാംബിറ്റ് ആക്സപ്റ്റഡ് (Queens Gambit Accepted) എന്ന ഓപ്പണിംഗ് ശൈലിയിലാണ് കളിച്ചത്. ആക്രമണശൈലിയില്‍ കളിച്ച് എതിരാളിയെ ഭയപ്പെടുത്തുന്ന രീതി ദിവ്യ ദേശ്മുഖ് ഇവിടെയും പുറത്തെടുത്തു. 11ാം നീക്കത്തില്‍ കുതിരയെ (നൈറ്റ്) ബലികൊടുത്തുകൊണ്ടായിരുന്നു ദിവ്യയുടെ ആക്രമണം. പിന്നീട് സമ്മര്‍ദ്ദം നല്‍കി കൊനേരു ഹംപിയെ വീഴ്‌ത്താനായിരുന്നു ദിവ്യയുടെ ശ്രമം. കൊനേരു ഹംപി കുതിരയെ(Knight) വെട്ടിയെടുത്തു. കുതിരയെ ബലി കൊടുക്കുക വഴി സി4 (C4 column) എന്ന കോളം തുറക്കുകയും ഹംപിയുടെ ക്വീന്‍ സൈഡില്‍ ആക്രമണം നടത്തുകയും ചെയ്യുക എന്നതായിരുന്നു ദിവ്യയുടെ പ്ലാന്‍. പക്ഷെ പരിചയസമ്പന്നയായ ഹംപി ക്വീന്‍സൈഡിലെ കാലാളുകളെ (പോണ്‍) പുനര്‍ക്രമീകരിച്ച് ഏറെക്കുറെ പ്രതിരോധം തീര്‍ത്തു. മിഡില്‍ ഗെയിമില്‍ എത്തിയപ്പോഴേക്കും രണ്ട് തേരും (റൂക്കുകള്‍-Rooks) രാജ്ഞിയും (ക്വീന്‍) കൊണ്ട് ദിവ്യ ശരിയ്‌ക്കും ഹംപിയെ വിറപ്പിച്ചിരുന്നു. പക്ഷെ ദിവ്യയ്‌ക്ക് പിന്നീടങ്ങോട്ട് അവസരം മുതലാക്കാനായില്ല. ആക്രമണങ്ങളെ മനസംയമനത്തോടെ നേരിടുകയായിരുന്നു ഹംപി. ഇവിടെ ഹംപിയുടെ പരിചയസമ്പന്നതയാണ് ദൃശ്യമായത്. ഒടുവില്‍ മൂന്ന് തവണ കരുനീക്കം ആവര്‍ത്തിക്കുക വഴി ഹംപി സമനില നേടുകയായിരുന്നു.
പരിചയസമ്പന്നത കൊണ്ട് 38 കാരിയായ കൊനേരു ഹംപിയ്‌ക്കാണ് അല്‍പം മുന്‍തൂക്കമെങ്കിലും ശാന്തതയോടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവും ക്സാസിക് ചെസ് പോലെ തന്നെ വേഗത കൂടിയ റാപിഡും ബ്ലിറ്റ്സും ഒരുപോലെ കളിക്കാനുള്ള മിടുക്കും ദിവ്യ ദേശ്മുഖിനെ ഒത്ത എതിരാളിയാക്കുന്നു. ഇന്ത്യയുടെ ചെസ് രംഗത്ത് അതിവേഗം കുതിച്ചുയരുന്ന നക്ഷത്രമാണ് 19 കാരിയായ നാഗ് പൂരില്‍ നിന്നുള്ള ദിവ്യ ദേശ്മുഖ്. ആര് ജയിച്ചാലും ഇന്ത്യക്കാരി തന്നെ കിരീടം നേടും എന്നതിനാല്‍ ഇന്ത്യന്‍ ചെസ് ആരാധകര്‍ ആഹ്ളാദത്തിലാണ്. ഫിഡെ ലോക ചെസില്‍ ഒരു ഇന്ത്യന്‍ വനിത കിരീടം നേടുക എന്നത് ചരിത്രമാണ്.
















