പത്തുവര്‍ഷത്തിനകം ലക്ഷ്യം കൈവരിക്കും. അത് വെറുതെയൊരു ഭംഗിവാക്കല്ല. ആറ് സ്തംഭങ്ങളാണുള്ളത്. 16 ലക്ഷ്യങ്ങളും. 82 തന്ത്രപ്രധാനമായ പ്രവര്‍ത്തനവും. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര-സഹകരണ വകുപ്പുമന്ത്രി അമിത്ഷാ അങ്ങനെ എന്തെങ്കിലും പറഞ്ഞ് ആളെ പറ്റിക്കുന്ന വ്യക്തിയുമല്ല. ദേശീയ സഹകരണനയത്തിലുള്ളതാണിതൊക്കെ. ഗ്രാമീണ സമ്പത്ത് വ്യവസ്ഥയെ ഉദ്ദീപിപ്പിച്ച് ശക്തമാക്കാനാണ് പദ്ധതി. കാല്‍ നൂറ്റാണ്ട് മുമ്പ് അടല്‍ ബിഹാരി വാജ്‌പേയി രൂപം നല്‍കിയതാണ് നയം. അതിനുശേഷം കോണ്‍ഗ്രസും കൂട്ടുമുന്നണിയും ഭരിച്ചു. അന്നൊന്നും തുറന്നു നോക്കാനോ എങ്ങനെ നടപ്പാക്കുമെന്നോ ചിന്തിച്ചതേയില്ല. കുറച്ചുനാള്‍ മുമ്പ് ഈ പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. അതൊന്നു കാണണമല്ലോ എന്നായി പിന്നത്തെ പ്രതികരണം. അടുത്തിടെ എതിര്‍പ്പുമായി കേരള ഭരണക്കാര്‍ രംഗത്തിറങ്ങി. എന്നാലതങ്ങ് നടക്കട്ടെ എന്ന നിലപാ
ടായി കേന്ദ്രത്തിന്. പഠിക്കുന്നത് ശാസ്ത്രം, ചെയ്യുന്നത് സൂത്രം, ഫലിക്കുന്നത് ഭാഗ്യം എന്ന് കരുതി ഭരിക്കുന്നവര്‍ സൂത്രപ്പണി എല്ലാം എടുത്തു. എന്നിട്ടും ഫലിച്ചില്ല.
സഹകരണത്തെ കറവപ്പശുവായി കാണുന്നവരാണല്ലോ മലയാളികള്‍. കിട്ടാവുന്നിടത്തുനിന്നൊക്കെ ഊറ്റിയെടുക്കുക എന്നതാണവരുടെ നോട്ടം. നമ്മളത് കുറച്ചുനാളായി നല്ലവണ്ണം അനുഭവിക്കുകയാണ്. അടുത്തിടെ അത് ഏറെയുമായി. കേരളത്തില്‍ മറ്റുള്ള സംസ്ഥാനത്തുള്ളതിനെക്കാള്‍ സഹകരണമേഖല ശക്തമാണ്. കള്ളത്തരങ്ങളും അതിശക്തം. കരുവന്നൂര്‍ മുതലെടുത്താല്‍ എണ്ണിയാല്‍ തീരാത്തത്രയുണ്ട് താനും. പത്തായമുള്ള വീടല്ലെ, പറയും കാണുമെന്ന ചൊല്ലുപോലെയാണെല്ലാം.
കരുവന്നൂരിന് പിന്നാലെ തട്ടിപ്പ് പുറത്തുവന്ന തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലും കോടികളുടെ കൊള്ള നടന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സിപിഐ നേതാവും ബാങ്ക് പ്രസിഡന്റുമായ എന്‍. ഭാസുരാംഗന്റെ കുടുംബം തിരിച്ചടയ്‌ക്കാനുള്ളത് മൂന്നര കോടി രൂപയാണെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭാസുരാംഗന്റെ നേതൃത്വത്തില്‍ നടത്തിയ വ്യാപക ക്രമക്കേടാണ് കണ്ടല ബാങ്കിന് 101 കോടി രൂപയുടെ നഷ്ടം സംഭവിക്കാന്‍ കാരണമായതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
സഹകരണ മേഖലയിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണു കരുവന്നൂരില്‍ നടന്നതെന്ന് ഇ.ഡിക്ക് ഹൈക്കോടതിയില്‍ അറിയിക്കേണ്ടിവന്നു. അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത രേഖകള്‍ െ്രെകംബ്രാഞ്ചിനു വിട്ടുനല്‍കാനാകില്ലെന്നും ഇ.ഡി വ്യക്തമാക്കി. ഇ.ഡി പിടിച്ചെടുത്ത രേഖകള്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് െ്രെകംബ്രാഞ്ച് നല്‍കിയ ഹര്‍ജി തള്ളണമെന്നും അസി. ഡയറക്ടര്‍ സുരേന്ദ്ര ജി. കാവിത്കര്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
2010ല്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് ഏറ്റവും വിശ്വസിക്കാവുന്ന ഒന്നായിരുന്നെന്നു സാക്ഷികള്‍ അറിയിക്കുന്നു. എന്നാല്‍ 2012 മുതല്‍ രാഷ്‌ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ബാങ്കിലെ ജീവനക്കാരും കൈകോര്‍ത്ത് കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പു നടത്തി. നിയമങ്ങള്‍ ലംഘിച്ചു വായ്‌പകള്‍ അനുവദിച്ചു. ബാങ്കിന്റെ പരിധിക്കു പുറത്തു താമസിക്കുന്ന ഒന്‍പതാം പ്രതി പി.പി. കിരണ്‍ ഉള്‍പ്പെടെ 51 പേര്‍ക്കാണ് 24.56 കോടി രൂപ നിയമവിരുദ്ധമായി വായ്‌പയായി അനുവദിച്ചത്. ഈ തുകയിപ്പോള്‍ പലിശയടക്കം 48 കോടി രൂപയായി വര്‍ധിച്ചു.
ക്രൈം ബ്രാഞ്ച് 2021 ജൂലൈ 21ന് അന്വേഷണം ആരംഭിച്ചതാണ്. ഇ.ഡി അന്വേഷണം തുടങ്ങിയത് 2022 ആഗസ്ത് 10നാണ്. രേഖകള്‍ പിടിച്ചെടുത്തത് 2022 ആഗസ്ത് 20നും. കൃത്യമായ രീതിയിലുള്ള അന്വേഷണമാണു നടത്തിയതെങ്കില്‍ െ്രെകംബ്രാഞ്ചിനു രേഖകള്‍ പിടിച്ചെടുക്കാന്‍ മതിയായ സമയമുണ്ടായിരുന്നു. അതിനാല്‍ രേഖകള്‍ വേണമെന്ന് ആവശ്യപ്പെടാനാവില്ല. പിഎംഎല്‍എ കോടതിയിലുള്ള രേഖകള്‍ വിട്ടുനല്‍കണമെന്ന ആവശ്യം ഉന്നയിക്കാനാവില്ല.
സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സര്‍വീസ് സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയില്‍നിന്ന് ബാങ്ക് ജീവനക്കാരന്‍ മുക്കുപണ്ടംവെച്ച് തട്ടിയത് 100 പവനോളം പണയസ്വര്‍ണമെന്ന് കണ്ടെത്തല്‍. 70 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇതിലൂടെ ബാങ്കിനുണ്ടായതെന്നും ഇരിട്ടി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ രണ്ടുദിവസം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ബാങ്കിലെ വാച്ച്മാനും കാഷ്യറുടെ താത്കാലിക ചുമതലയും ഉണ്ടായിരുന്ന കച്ചേരിക്കടവ് ചാമക്കാലായില്‍ ഹൗസില്‍ സുധീര്‍ തോമസാണ് തട്ടിപ്പിന് പിന്നിലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒളിവില്‍പോയ സുധീര്‍ തോമസിനെ മൈസൂരുവില്‍നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. പണയസ്വര്‍ണം വില്‍ക്കാന്‍ ഇയാള്‍ക്ക് കൂട്ടുനിന്ന കച്ചേരിക്കടവിലെ ഓണ്‍ലൈന്‍ സ്ഥാപന ഉടമ ചക്കാനിക്കുന്നേല് സുനിഷ് തോമസിനെ (35) ആദ്യ ദിവസം തന്നെ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ബാങ്കില്‍നിന്നെടുത്ത സ്വര്‍ണം ഇരിട്ടിയിലെ ഒരു പഴയ സ്വര്‍ണവ്യാപാരിക്കാണ് വിറ്റതെന്നും കണ്ടെത്തി.
കോണ്‍ഗ്രസ് ഭരിക്കുന്ന തൃശൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിലെ സ്വര്‍ണലേല തട്ടിപ്പ് കേസില്‍ വിജിലന്‍സ് വേഗത്തില്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഇതോടെ ബാങ്ക് ചെയര്‍മാന്‍ പോള്‍സണ്‍ ആലപ്പാട്ടുള്‍പ്പടെ ഭരണസമിതി അംഗങ്ങളും ചില ജീവനക്കാരും പ്രതിക്കൂട്ടിലാവും. ബാങ്കിനെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് വിജിലന്‍സിന് ഹൈക്കോടതി അനുമതി നല്‍കി. സമയബന്ധിതമായി സംസ്ഥാന സഹകരണ രജിസ്ട്രാര്‍ അനുമതി നല്‍കണം. അഴിമതിക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അയ്യന്തോള്‍ കാഞ്ഞാണി റോഡില്‍ പൂഴക്കടവില്‍ ചന്ദ്രിക ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.
കല്യാണ, ചികിത്സാ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാന്‍ എത്തുന്നവരെയടക്കം പണമില്ലെന്ന കാരണം പറഞ്ഞ് മടക്കിയയക്കുകയാണ്. ആവശ്യത്തിന് പണം പിന്‍വലിക്കാനായി എത്തുമ്പോള്‍ അക്രമസംഭവങ്ങളും ഉണ്ടാകുന്നുവെന്ന് നിക്ഷേപകര്‍ പരാതിപ്പെടുന്നു. മുന്‍ ഭരണസമിതി നടത്തിയ ക്രമക്കേടിനെത്തുടര്‍ന്ന് ഭരണസമിതി അംഗങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും നടപ്പിലായില്ല. ബാങ്കിന്റെ നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തണമെന്നും പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നിക്ഷേപകര്‍ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.
തൃശൂര്‍ അയ്യന്തോള്‍ സഹകരണബാങ്കില്‍ അധികൃതര്‍ വ്യാജവിലാസത്തില്‍ വായ്‌പ നല്‍കിയതിനെത്തുടര്‍ന്ന് വെട്ടിലായിരിക്കുകയാണ് വൃദ്ധ ദമ്പതികള്‍. ബാങ്ക് പരിധിയില്‍ താമസക്കാരല്ലാത്ത വൃദ്ധ ദമ്പതികളുടെ പേരില്‍ 92 ലക്ഷം രൂപയാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 2017ല്‍ വായ്‌പ നല്‍കിയത്. തിരിച്ചടവ് മുടങ്ങി, പലിശയടക്കം 1.3 കോടിയുടെ ബാദ്ധ്യതയായതോടെ ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണ് തട്ടിപ്പാണെന്ന് ദമ്പതികള്‍ തിരിച്ചറിഞ്ഞത്.
തൃശൂര്‍ ചിറ്റിലപ്പിള്ളി സ്വദേശി റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ കുട്ടികൃഷ്ണനും ഭാര്യ റിട്ട. അദ്ധ്യാപിക ശാരദയുമാണ് തട്ടിപ്പിനിരയായത്. മലപ്പുറം ആലക്കോട് അബൂബക്കറാണ് തങ്ങളുടെ ഭൂമി ഈടായി നല്‍കി വായ്‌പ എടുപ്പിച്ചതെന്ന് ദമ്പതികള്‍ പറയുന്നു. 25 ലക്ഷം രൂപ ദമ്പതികള്‍ക്ക് നല്‍കിയശേഷം ശേഷിക്കുന്ന തുക ഇയാള്‍ കൈക്കലാക്കി. ഒരു വര്‍ഷത്തിനകം ബാക്കി തുക നല്‍കാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കൊടുത്തില്ല.
ചിറ്റിലപ്പിള്ളിയില്‍ ശാരദയുടെ പേരിലുള്ള 28.5 സെന്റ് ഭൂമിയാണ് ഈടായി നല്‍കിയത്. ഇതില്‍നിന്ന് സെന്റിന് ഏഴുലക്ഷം വച്ച് 10 സെന്റ് താന്‍ വാങ്ങാമെന്ന് അബൂബക്കര്‍ ഉറപ്പുനല്‍കിയാണ് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന ദമ്പതികളെ വായ്‌പയെടുക്കാന്‍ ഇയാള്‍ പ്രേരിപ്പിച്ചത്. ഇതിനായി തൃശൂര്‍ അമലനഗര്‍ ജില്ലാ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ദമ്പതികള്‍ നേരത്തെ എടുത്തിരുന്ന 10 ലക്ഷത്തിന്റെ വായ്‌പാ ബാദ്ധ്യത അബൂബക്കര്‍ തന്നെ അടച്ച് വിശ്വാസ്യത നേടി. തൃശൂര്‍ ഒളരിയിലെ വ്യാജവിലാസം നല്‍കി ഒറ്റദിവസം കൊണ്ടാണ് അബൂബക്കര്‍ വായ്‌പ തരപ്പെടുത്തിയത്. അങ്ങനെ എത്രയെത്ര തട്ടിപ്പുകള്‍. കേന്ദ്രനയം വന്നാല്‍ തട്ടിപ്പ് കണ്ടുപിടിക്കാം. കര്‍ശന നടപടിയും വരും. അതാണെല്ലാവര്‍ക്കും ഭയം. പല്ലില്ലെന്നുവച്ച് അണ്ണാക്കുവരെ കയ്യിട്ടാല്‍ ഫലം കിട്ടുമെന്ന് സാരം.
















