കേരള മനസിനെ ഏറെ മുറിവേല്‍പ്പിക്കുകയും നടുക്കുകയും ചെയ്ത സൗമ്യ വധക്കേസിലെ പ്രതിയായ കൊടും ക്രിമിനല്‍ ഗോവിന്ദച്ചാമി എന്ന ചാര്‍ളി തോമസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. എട്ട് മണിക്കൂറിനു ശേഷം പിടികൂടിയെങ്കിലും സംഭവത്തിന്റെ ഗൗരവം കുറയുന്നില്ല. കൊടുംകുറ്റവാളി എന്ന നിലയില്‍ സെന്‍ട്രല്‍ ജയിലിലെ ഏറ്റവും സുരക്ഷാകരുതലുള്ള ബി ബ്ലോക്കില്‍ ഏകാന്ത തടവുകാരനായിരുന്നു ഇയാള്‍. അതിശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് അവിടെയുള്ളത്. അതൊക്കെ മറികടന്നും, ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ചും എങ്ങനെ പുറത്തെത്തി എന്നതാണ് അറിയാനുളളത്. ജയില്‍ അധികൃതരുടെ അനാസ്ഥ എന്നതിനപ്പുറം ജീവനക്കാരുടെയും ഭരണകക്ഷി ബന്ധമുള്ള തടവുകാരുടെയും ഒത്താശയോടെയാണ് ഈ ജയില്‍ചാട്ടം എന്ന സംശയം ഉയരുന്നതു സ്വാഭാവികം. ആരുടെയൊക്കെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തം. അത് ആരൊക്കെയെന്നു കണ്ടെത്തിയേ തീരൂ. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കൂടി ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
ഒന്നരമാസം ആസൂത്രണം നടത്തിയതായി, പ്രതി തന്നെ മൊഴി നല്‍കിയിട്ടുമുണ്ട്. സെല്ലിന്റെ ഇരുമ്പഴി മുറിച്ചാണ് പുറത്തിറങ്ങിയത്. ഇരുമ്പ് കമ്പി തുരുമ്പെടുക്കാന്‍ നിത്യവും അതില്‍ ഉപ്പ് തേച്ചിരുന്നു എന്നും പറയുന്നു. മുറിച്ചുമാറ്റാനുള്ള ആയുധം എങ്ങനെ ലഭിച്ചു എന്ന് വ്യക്തമല്ല. മതില്‍ ചാടാനുള്ള വടമുണ്ടാക്കിയത് തുണികള്‍ കൂട്ടിക്കെട്ടിയാണ്. ജയില്‍ വളപ്പില്‍ ഉണങ്ങാനിട്ടിരുന്ന തുണികള്‍ പലദിവസങ്ങളിലായി ശേഖരിച്ച് വെച്ചാണ് വടമുണ്ടാക്കിയത്. ഇതൊന്നും പാറാവുകാരുടെയോ മറ്റ് അധികൃതരുടെയോ കണ്ണില്‍ പെടാതിരുന്നതിലും ദുരൂഹത ഏറെയുണ്ട്. മതില്‍ ചാടാന്‍ ഡ്രം, കന്നാസ് തുടങ്ങിയ വസ്തുക്കളും ഉപയോഗിച്ചിരുന്നു. മറ്റ് ബ്ലോക്കുകളില്‍ നിന്നാണ് ഇതെല്ലാം സംഘടിപ്പിച്ചത്. രണ്ട് മതിലുകള്‍ ചാടിക്കടന്നാണ് ഇയാള്‍ പുറത്തെത്തിയത്. ഒരു മതിലിന് മുകളില്‍ വൈദ്യുതിപ്രവാഹമുള്ള കമ്പിവേലിയുമുണ്ടായിരുന്നു. എന്നാല്‍, മതില്‍ ചാടുന്ന സമയത്ത് വേലിയില്‍ വൈദ്യുതി പ്രവാഹമുണ്ടായിരുന്നില്ലെന്നതും വലിയ ദുരൂഹതയാണ്. ഒരു കൈ മാത്രമുള്ള ഇയാള്‍ ഇത്രയും സാഹസികമായി ജയില്‍ചാടണമെങ്കില്‍ പരസഹായം കൂടിയേ തീരൂ, തിരിച്ചറിയാതിരിക്കാന്‍ നീണ്ട താടി വളര്‍ത്തിയിരുന്നു. ജയിലില്‍ തടവുകാരെ ആഴ്ചതോറും ക്ഷൗരത്തിന് വിധേയരാക്കാറുണ്ടെന്നിരിക്കെ മാസങ്ങളോളം താടി വളര്‍ത്താന്‍ ഇയാളെ എന്തിന് അനുവദിച്ചു? പുലര്‍ച്ചെ 1.15നാണ് ഇയാള്‍ സെല്ലില്‍ നിന്ന് പുറത്തു കടന്ന വിവരം അഞ്ചര മണിക്കൂര്‍ കഴിഞ്ഞാണ് അധികൃതര്‍ അറിയുന്നത്. രാത്രി പാറാവുള്ള അതിസുരക്ഷാ ബ്ലോക്കില്‍ ഒരാള്‍ സെല്ലിന് പുറത്തെത്തിയിട്ടും ആരും അറിഞ്ഞില്ലെന്നതും വിരല്‍ ചൂണ്ടുന്നത് ഉള്ളില്‍ നിന്നുള്ള ഒത്താശയിലേയ്‌ക്കാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിപിഎം ആധിപത്യത്തെക്കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ടി.പി. വധക്കേസ് പ്രതികളടക്കം ഒട്ടേറെ സിപിഎം ക്രിമനലുകള്‍ ഇവിടെയാണുള്ളത്. ജയിലിന്റെ ഭരണം തന്നെ ഇവരുടെ കൈകളിലാണെന്നതും പരസ്യമായ രഹസ്യമാണ്. ജയില്‍ അധികൃതര്‍ ഇവരുടെ ആജ്ഞാനുവര്‍ത്തികളാണ്. കൊലക്കേസ് പ്രതിയായ മുന്‍ സിപിഎം ജില്ല സെക്രട്ടറി പി. ജയരാജന്‍ ജയില്‍ ഉപദേശക സമിതി അംഗമായിരിക്കുന്നത് നേരത്തെ വിവാദമായെങ്കിലും അദ്ദേഹത്തെ ഒഴിവാക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിരുന്നില്ല. ജയിലിനുള്ളില്‍ വച്ച് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പട്ടിരുന്നതായും പ്രതി ചാര്‍ളി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ആരുമായാണ് ബന്ധപ്പെടാറുള്ളത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകണം.
സംശയത്തിന്റെ ചൂണ്ടുവിരല്‍ സംസ്ഥാന ആഭ്യന്തരവകുപ്പിനും ഭരിക്കുന്ന പാര്‍ട്ടിക്കും നേരെ നീളുമ്പോള്‍ പോലീസ് അന്വേഷണം ഫലപ്രദമായി നടക്കില്ലെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും ഉറപ്പിക്കാം. അതിനാല്‍ സമഗ്രമായ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുകയാണ് വേണ്ടത്.
















