ഗുവാഹത്തി: വ്യാജ ബില്ലുകള്‍ അംഗീകരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയെന്നാരോപിച്ച് അസമില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ ജീവനൊടുക്കി. അസിസ്റ്റന്റ് എഞ്ചിനീയര്‍ ജ്യോതിഷ ദാസിനെയാണ് (30) വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം വലിയ വിവാദമായതോടെ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ദിനേശ് മേധി ശര്‍മ്മ, സബ് ഡിവിഷണല്‍ ഓഫീസര്‍ അമിനുള്‍ ഇസ്ലാം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍, ‘എന്റെ ജോലിയിലെ കടുത്ത സമ്മര്‍ദ്ദം മൂലമാണ് ഞാന്‍ മരിക്കുന്നത്. ഓഫീസില്‍ എന്നെ നയിക്കാന്‍ ആരുമില്ല. ഞാന്‍ ക്ഷീണിതയാണ്, പോകാന്‍ ഒരിടവുമില്ല. എന്റെ മാതാപിതാക്കള്‍ എന്നെ ഓര്‍ത്ത് വിഷമിക്കുന്നു,’ എന്ന് പറയുന്നുണ്ട്.
കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന്, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടപടിയെടുക്കുകയും ചെയ്തു.
















