പത്തനംതിട്ട: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ സ്പെഷല്‍ കൂപ്പണ്‍ വഴി വാണിജ്യവല്‍ക്കരിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ പള്ളിയോട സേവാസംഘം. 250 രൂപാ നിരക്കില്‍ ബുക്കു ചെയ്യുന്നവര്‍ക്ക് 27 മുതല്‍ വള്ളസദ്യ ലഭ്യമാക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ പള്ളിയോട സേവാസംഘം എതിര്‍പ്പിലാണ്.
പള്ളിയോട സേവാസംഘം ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് സ്പെഷല്‍ കൂപ്പണിലൂടെ വള്ളസദ്യ വഴിപാട് നടത്തുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍ എന്നിവര്‍ അറിയിച്ചു. പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിന്‍ ജൂലൈ 13 മുതല്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പള്ളിയോടങ്ങള്‍ക്കായി വഴിപാട് വള്ളസദ്യകള്‍ നടന്നുവരികയാണ്. ഇത് ഒക്ടോ രണ്ട് വരെ തുടരും.
ഇതേ കാലയളവില്‍ ദേവസ്വം ബോര്‍ഡ് പള്ളിയോടകരയുടെ സാന്നിധ്യം ഇല്ലാതെ 250 രൂപ നിരക്കില്‍ ഈടാക്കി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ വള്ളസദ്യ നടത്താനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ദേവസ്വം ബോര്‍ഡ് ഇത്തരമൊരു നീക്കം നടത്തുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഏകപക്ഷീയമായ തീരുമാനം പ്രതിഷേധാര്‍ഹവും തിരുവാറന്മുള ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ കടുത്ത ലംഘനവും ആണെന്ന് പള്ളിയോട സേവാസംഘം വിലയിരുത്തി. തുടര്‍ന്ന് നിലപാട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡിന് കത്തും നല്‍കി. വള്ളസദ്യകള്‍ വാണിജ്യവല്‍ക്കരിക്കുന്നതിന് എതിരെ പള്ളിയോട സേവാസംഘവും പള്ളിയോടക്കരക്കാരും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. 27 മുതല്‍ നടത്തുമെന്ന് പറയുന്ന പ്രത്യേക സദ്യകളില്‍ പള്ളിയോട സേവാ സംഘത്തിന് യാതൊരു പങ്കുമില്ലന്നും ഭാരവാഹികള്‍ അറിയിച്ചു.
അഭീഷ്ട സിദ്ധിക്കായി ഭക്തര്‍ ആറന്മുള പാര്‍ത്ഥസാരഥിക്ക് സമര്‍പ്പിക്കുന്ന വഴിപാടാണ് വള്ളസദ്യകള്‍. വഴിപാടുകാരന് ഇഷ്ടമുള്ള പള്ളിയോടങ്ങള്‍ക്കാണ് ഇത് സമര്‍പ്പിക്കുന്നത്. ആറന്മുള ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുമായി അഭേദ്യമായ ബന്ധമുള്ളതാണ് വള്ളസദ്യ വഴിപാട്. വഴിപാടുകാരനും ഒപ്പം ഭക്തജനങ്ങള്‍ക്കും സദ്യയില്‍ പങ്കെടുക്കാം. ഭക്തരുടെ ബാഹുല്യം കാരണം ഒരു വള്ളസദ്യക്ക് 500 ആളുകള്‍ എന്ന് ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വഴി
പാട് വള്ളസദ്യകളെ വാണിജ്യവല്‍ക്കരിക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കമാരംഭിച്ചത്. ആചാരപ്പെരുമയോടൊപ്പം രുചിഭേദങ്ങളാലും പ്രശസ്തമാണ് വള്ളസദ്യ. ഇത് വിറ്റ് പണമാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. ടൂര്‍ ഓപ്പറേറ്റര്‍മാരെയാണ് പ്രധാനമായും ബോര്‍ഡ് ലക്ഷ്യമിടുന്നത്.
















