ലൗകികജീവിതത്തിന്റെ അസ്ഥിരത എന്തെന്ന് രാമൻ ലക്ഷ്മണന് വിശദീകരിച്ച് പറഞ്ഞുകൊടുത്തു. മനുഷ്യന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ആഴമുള്ള സത്യങ്ങൾ അനുജനെ മനസിലാക്കി. “എല്ലാ ബന്ധങ്ങളും, സമ്പത്തും സ്ഥാനമാനങ്ങളും അസ്ഥിരമാണ്. കോപവും ആഗ്രഹവും നമ്മെ കൂടുതൽ ബന്ധനസ്ഥരാക്കുന്നു. നാം അവയ്‌ക്ക് മുകളിൽ സ്വയം ഉയർന്ന് സമാധാനത്തിന്റെ പാതയാണ് സ്വീകരിക്കേണ്ടത്.” രാമന്റെ വിജ്ഞാനവും വിവേകവും നിറഞ്ഞ ഉപദേശത്താൽ ലക്ഷ്മണൻ ശാന്തചിത്തനായി. രാമന്റെ വാക്കുകൾ കേട്ട് ഒരു ദാസനായി താനും ജ്യേഷ്ഠനോടൊപ്പം വനവാസത്തിനു വരുന്നുണ്ട് എന്ന് ലക്ഷ്മണൻ അറിയിച്ചു. രാമൻ അതിനു സമ്മതം നല്കി.
പിന്നീട് രാമൻ മാതാവ് കൗസല്യയെ സാന്ത്വനിപ്പിക്കാനായി അത്യന്തം സ്‌നേഹത്തോടെ സംസാരിച്ചു. ജീവിതം ഒരു അസ്ഥിരമായ യാത്രയാണെന്നും ഈ ലോകത്ത് വേർപാട് അനിവാര്യമാണെന്നും അമ്മയെ ഓർമ്മിപ്പിച്ചു. താൻ പതിനാല് വർഷത്തെ വനവാസത്തിനുശേഷം മടങ്ങിവരുമെന്ന് അമ്മയ്‌ക്ക് ഉറപ്പ് നൽകി. വനത്തിലേയ്‌ക്ക് യാത്ര പുറപ്പെടാനായി അമ്മയുടെ അനുവാദവും ആശീർവാദവും നൽകണമെന്ന് അഭ്യർത്ഥിച്ചു. കണ്ണുനീരോടെ കൗസല്യ മകനെ ചേർത്തുപിടിച്ചു, യാത്രയിൽ രാമന്റെ സുരക്ഷയ്‌ക്കായി ദേവതകളോട് പ്രാർത്ഥിച്ച് കൗസല്യ മനസില്ലാമനസ്സോടെ പ്രിയപുത്രനെ ആശീർവദിച്ചു.
പിന്നെ, രാമൻ വിടപറയാനായി സീതയുടെ മുറിയിലേക്ക് പോയി. തന്റെ നാഥൻ പട്ടാഭിഷേകത്തിന്റെ ദിവസമായിട്ടും രാജകീയമായ യാതൊരു സന്നാഹങ്ങളും കൂടാതെ വരുന്നതുകണ്ട് എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കി. രാമൻ അച്ഛൻ തനിക്ക് വിധിച്ചതായ വനവാസത്തിന്റെ വാർത്ത വെളിപ്പെടുത്തിയപ്പോൾ, സീത, ഒരു നിമിഷം പോലും മടിക്കാതെ, രാമനെ പിന്തുടർന്ന് വനത്തിൽ പോകാൻ തീരുമാനിച്ചതായി അറിയിച്ചു. വനജീവിതത്തിലെ ദുരിതങ്ങൾ, വന്യമൃഗങ്ങൾ, കഠിനമായ കാലാവസ്ഥ, അപര്യാപ്തമായ ഭക്ഷണസൗകര്യം, വസിക്കാനുള്ള ഇടം എന്നിവയെല്ലാം വിശദീകരിച്ചു പറഞ്ഞ് രാമൻ സീതയെ തന്റെകൂടെ വരുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ സീത, അചഞ്ചലയായി, ഭാര്യയെന്ന നിലയിലുള്ള സ്വന്തം കർത്തവ്യം നിറവേറ്റാൻ തന്നെ നിശ്ചയിച്ചു. “ദമ്പതികളെ സംബന്ധിച്ചിടത്തോളം സന്തോഷവും ദുഃഖവും ഒരുപോലെ പങ്കുവയ്‌ക്കുക എന്നത് വ്രതം തന്നെയാണ്. അങ്ങയോടൊപ്പം കഴിയുമ്പോൾ ഏത് വനവാസവും സ്വർഗ്ഗവാസമാണ്, അങ്ങയുടെ അഭാവത്തിൽ കൊട്ടാരത്തിലെ വാസവും കാരാഗൃഹവാസംതന്നെയാണ്,” സീതയുടെ ദൃഢനിശ്ചയത്തോടെയുള്ള വാക്കുകൾ രാമന്റെ എതിർപ്പിനെ ഇല്ലാതാക്കി. സീതയെ കൂടെ കൊണ്ടുപോകാമെന്ന് രാമൻ സമ്മതിച്ചു.
രാമൻ ലക്ഷ്മണനോട് ബ്രാഹ്മണർക്കും ദരിദ്രർക്കും അവരുടെ സമ്പത്തും സ്വത്തുക്കളും ദാനം നൽകാൻ നിർദ്ദേശിച്ചു. സീത തന്റെ ആഭരണങ്ങളും രാജകീയവസ്ത്രങ്ങളും ഗുരുമാതാ അരുന്ധതിക്ക് നൽകി. ലക്ഷ്മണന്റെ അമ്മ, സുമിത്ര, രാമന്റെയൊപ്പം പോകുന്ന തന്റെ മകനെ ആശീർവദിച്ചു, “നീ നിന്റെ ജ്യേഷ്ഠൻ രാമനെ സ്വന്തം പിതാവായും സീതയെ അമ്മയായും കരുതി പരിചരിക്കണം അപ്പോൾ ഘോരവനംപോലും നിനക്ക് അയോദ്ധ്യതന്നെയാകും,” സുമിത്ര പ്രശാന്തയായി മകനെ ഉപദേശിച്ചു.
അഭിഷേകവിഘ്നത്തിന്റെയും രാമന്റെ വനയാത്രയുടെയും വാർത്തകൾ നഗരത്തിൽ പരന്നതോടെ, അയോദ്ധ്യയിലെ ജനങ്ങൾ അതീവദുഃഖത്തോടെ ഒരുമിച്ചുവന്ന് വിലപിക്കാൻ തുടങ്ങി. തങ്ങളുടെ പ്രിയപ്പെട്ട രാമൻ, രാജാവാകേണ്ടവൻ, ഇപ്പോൾ വനത്തിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയാതെ ചിലർ കൈകേയിയെ കുറ്റപ്പെടുത്തി. മറ്റുചിലർ വിധിയുടെ വിളയാട്ടം എത്ര ക്രൂരമെന്ന് പറഞ്ഞു കണ്ണുനീർ ഒഴുക്കി.
രാമസീതാതത്ത്വം
ജനങ്ങളുടെ ദുഖം കണ്ട്, ഋഷി വാമദേവൻ അവരെ സാന്ത്വനിപ്പിക്കാൻ ഈ സംഭവങ്ങളുടെ പിന്നിലെ ദിവ്യസത്യം വെളിപ്പെടുത്തി. “രാമൻ സാക്ഷാൽ മഹാവിഷ്ണുവാണ്, സീത ലക്ഷ്മീദേവിയും. ലക്ഷ്മണൻ അനന്തനാണ്. ഇത് ഒരു ദിവ്യനാടകം മാത്രമാണ് എന്നറിയുക. രാമൻ രാക്ഷസനായ രാവണന്റെ ഗർവ്വം നശിപ്പിച്ച് ലോകത്ത് നീതി പുനഃസ്ഥാപിക്കാനായി അവതരിച്ചിരിക്കുകയാണ്. അതുകൊണ്ട് രാജാവിനെയോ രാജ്ഞിയെയോ കുറ്റപ്പെടുത്തരുത്. എല്ലാവരും ചേർന്ന് ഈ ദിവ്യനാടകത്തിൽ തങ്ങളുടേതായ പങ്ക് വഹിക്കുന്നു എന്നുമാത്രം.”
അങ്ങനെ, രാമനും സീതയും ലക്ഷ്മണനും വനവാസത്തിനായി തയ്യാറെടുത്തു. കൊട്ടാരത്തിന്റെ സുരക്ഷിതമായ ചുറ്റുപാടുകളും ജനങ്ങളുടെ സ്നേഹവും ഉപേക്ഷിച്ച് അയോദ്ധ്യയുടെ തെരുവുകളിലൂടെ നടക്കുമ്പോൾ, പൗരന്മാർ അവരെ പിന്തുടർന്നുചെല്ലുകയും രാമന്റെ പേര് പറഞ്ഞ് വിലപിക്കുകയും ചെയ്തു. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ട രാജകുമാരൻ ധർമ്മസംരക്ഷണത്തിനായിട്ടാണ് എല്ലാം ഉപേക്ഷിച്ചുപോകുന്നതെന്നതിൽ അവർക്കുള്ള ആദരവും അഭിമാനവും ഉള്ളിൽ നിറഞ്ഞിരുന്നു.
















