കോട്ടയം: കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചതോടെ തുടക്കത്തില്‍ സംസ്ഥാനത്ത് ജനപ്രിയമായി മാറിയ പുരപ്പുറ സോളാര്‍ പദ്ധതിയില്‍ നിന്ന് വൈദ്യുതി വകുപ്പ് പുതിയ ചട്ട ദേദഗതി നീക്കം ആരംഭിച്ച പശ്ചാത്തലത്തില്‍ ആളുകള്‍ അകലുന്നു. വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ 80 ശതമാനത്തിലേറെ കുറവ് വന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ മുടക്കുന്ന തുക മൂന്ന് വര്‍ഷത്തെ വൈദ്യുതി ബില്ലിലൂടെ തിരിച്ചുപിടിക്കാനാവുമായിരുന്നെങ്കില്‍ ഭേദഗതി വന്നാല്‍ ഏഴു വര്‍ഷം വരെ എടുത്തേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പൊതുജനങ്ങളെ പദ്ധതിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.
പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തതോടെ രണ്ടായിരത്തിലേറെ സംരംഭകര്‍ അഞ്ചു വര്‍ഷത്തിനിടെ ഈ മേഖലയിലേക്ക് കടന്നുവന്നിരുന്നു. ഒട്ടേറെ തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി തേടുകയും ചെയ്തിരുന്നു. പുനരുപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനം പുറത്തിറക്കിയ പുതിയ ചട്ടത്തിലെ ചില വ്യവസ്ഥകള്‍ ജനങ്ങളില്‍ സംശയം ജനിപ്പിച്ചതോടെയാണ് പദ്ധതി അനാകര്‍ഷകമായത്. ബുക്ക് ചെയ്തിരുന്ന പലരും തീരുമാനം ആയശേഷം പാനല്‍ സ്ഥാപിച്ചാല്‍ മതിയെന്ന് അറിയിക്കുന്നതായാണ് സംരംഭകര്‍ പറയുന്നത്.
















