കോട്ടയം: വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളില്‍ അമ്പരന്ന് സിപിഎം. തങ്ങളോട് ചേര്‍ന്നു നിന്നിരുന്ന വെള്ളാപ്പള്ളിയില്‍ നിന്ന് ഈയിടെയായി ഉയര്‍ന്നുവരുന്ന എതിര്‍ശബ്ദങ്ങള്‍ കടുക്കുന്നുവെന്നതാണ് പാര്‍ട്ടിയെ അസ്വസ്ഥമാക്കുന്നത്. തദ്‌ദേശ തിരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ, വലിയൊരു ഏറ്റുമുട്ടലിലേക്ക് അതു പോകാതിരിക്കാന്‍ പാര്‍ട്ടി ശ്രദ്ധിക്കുന്നു. അതിനാല്‍ തന്നെ പ്രസംഗത്തെ വിമര്‍ശിച്ചു കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ വെള്ളാപ്പള്ളിയുടെ പേരു പരാമര്‍ശിക്കാതിരിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ശ്രദ്ധിച്ചു. മുസ്‌ളീം വിഭാഗത്തെ പിണക്കാതെയും എസ്എന്‍ഡിപി യോഗത്തെ പ്രകോപിപ്പിക്കാതെയും കരുതലോടെയുള്ള പൊതു പ്രസ്താവനയാണ് സിപിഎം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് പാര്‍ട്ടി പറയുന്നത്.
കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള നേതാവാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്നാണ് മന്ത്രി വി. എന്‍. വാസവന്‍ വെള്ളാപ്പള്ളിയെ വേദിയിലിരുത്തി വാഴ്‌ത്തിയത്. കോട്ടയത്ത് വാസവന്‌റെ നിലനില്‍പ്പിന് അത് അനിവാര്യമാണുതാനും.
















