ന്യൂദല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‌റെ കാരണങ്ങളെക്കുറിച്ച് വസ്തുതാപരമല്ലാത്ത റിപ്പോര്‍ട്ടുകളുടെ പേരില്‍ ഔദ്യോഗികമായി ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശ മാധ്യമങ്ങളായ വാള്‍ സ്ട്രീറ്റ് ജേണലിനും റോയിട്ടേഴ്സിനും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് (എഫ്ഐപി) നോട്ടീസ് അയച്ചു.
എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചത് ‘വസ്തുതാപരമായ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെ’ന്ന് എഫ്ഐപി പ്രസിഡന്റ് ക്യാപ്റ്റന്‍ സിഎസ് രണ്‍ധാവ ആരോപിച്ചു. ഇരുമാധ്യമങ്ങളെയും രണ്‍ധാവ ശക്തമായി വിമര്‍ശിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവര്‍ ചെയ്തതെന്ന് ആരോപിക്കുകയും ചെയ്തു.
‘ വാള്‍സ്ട്രീറ്റ് ജേണല്‍ സ്വന്തം നിഗമനങ്ങളാണ് പ്രസിദ്ധീകരിച്ചത്. അവരാണോ അന്വേഷണ ഏജന്‍സി? അവര്‍ ലോകമെമ്പാടും മോശമായ കാര്യങ്ങള്‍ പറയുന്നു. അവര്‍ അന്വേഷണ ഏജന്‍സിയല്ല, അവര്‍ക്ക് എങ്ങനെ തിടുക്കത്തില്‍ നിഗമനങ്ങളിലെത്തി ലോകമെമ്പാടും പത്രക്കുറിപ്പുകള്‍ നല്‍കാന്‍ കഴിയും?’ രണ്‍ധാവ ആരാഞ്ഞു.
















