ഇന്ന്, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ യുവജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. ഒരു രാഷ്‌ട്രം പുരോഗതി പ്രാപിക്കാനും വികസിതമാകാനും ആഗ്രഹിക്കുന്നുവെങ്കില്‍, അവിടുത്തെ യുവാക്കള്‍ ശാക്തീകരിക്കപ്പെടണമെന്ന് പറയാറുണ്ട്. 2047-ഓടെ ഭാരതത്തെ വികസിത ഭാരതമാക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കില്‍, നമ്മുടെ യുവശക്തി ശാക്തീകരിക്കപ്പെടുകയും രാഷ്‌ട്രനിര്‍മ്മാണ പ്രക്രിയയില്‍ സജീവമായി പങ്കെടുക്കുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം ഊന്നിപ്പറയുന്നതാണ്. യുവാക്കളുടെ ഊര്‍ജ്ജം, നൂതനാശയങ്ങള്‍, ദൃഢനിശ്ചയം എന്നിവ വരും ദശകങ്ങളില്‍ രാജ്യത്തിന്റെ വളര്‍ച്ചാ ഗാഥയെ രൂപപ്പെടുത്തും.
എങ്കിലും, ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് നമ്മുടെ യുവാക്കളെ ലഹരി വസ്തുക്കളുടെ ദുരുപയോഗത്തില്‍നിന്ന് അകറ്റി നിര്‍ത്തുക എന്നതാണ്. യുവാക്കള്‍ ലഹരിവസ്തുക്കളുടെ അടിമകളായി മാറുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. ഇത് അവരുടെ ആരോഗ്യത്തെ മാത്രമല്ല, അവരുടെ ഭാവിയ്‌ക്കും രാഷ്‌ട്രത്തിന്റെ ആന്തരിക ശക്തിയ്‌ക്കും ഭീഷണിയാണ്. 10-നും 24-നും ഇടയില്‍ പ്രായമുള്ള 5 ഭാരതീയരില്‍ ഒരാള്‍ ഏതെങ്കിലും ഘട്ടത്തില്‍ ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ( എയിംസ്) റിപ്പോര്‍ട്ട് പറയുന്നത്, ഭാരതത്തില്‍ 8.5 ലക്ഷത്തിലധികം പേര്‍ ലഹരി മരുന്നിന് അടിമകളാണെന്നാണ്. ഈ കണക്കുകള്‍ വളരെ ആശങ്കാജനകമാണ്. അടിയന്തരവും സംഘടിതവുമായ നടപടികള്‍ ആവശ്യമാണ്.
കഴിഞ്ഞ 11 വര്‍ഷത്തിനിടെ, ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ മോദി സര്‍ക്കാര്‍ ഒട്ടേറെ നിര്‍ണ്ണായക നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. 2020 ല്‍, സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം നശാ മുക്ത് ഭാരത് അഭിയാന്‍ ആരംഭിച്ചു. പ്രതിരോധത്തിനും പുനരധിവാസത്തിനും പിന്തുണ നല്‍കുന്നതിനായി, ലഹരിക്ക് അടിമകളായവര്‍ക്കുള്ള സംയോജിത പുനരധിവാസ കേന്ദ്രങ്ങളും ഔട്ട്റീച്ച്-കം-ഡ്രോപ്പ്-ഇന്‍ സെന്ററുകളും സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ സ്ഥാപിച്ചു. സ്‌കൂളുകളിലും കോളേജുകളിലും ബോധവത്ക്കരണ പ്രചാരണങ്ങള്‍ തീവ്രമാക്കിയിട്ടുണ്ട്. ഒപ്പം ലഹരിമരുന്ന് നിയന്ത്രണ ബ്യൂറോ (എന്‍സിബി) ലഹരിമരുന്ന് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍ നിര്‍ണായക കൗണ്‍സലിങ്ങും പിന്തുണയും നല്‍കുന്നു. സംസ്ഥാന സര്‍ക്കാരുകള്‍, സന്നദ്ധ സംഘടനകള്‍, പ്രാദേശിക സമൂഹങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ താഴെത്തട്ടിലുള്ള പ്രചാരണങ്ങളും ഈ ദേശീയ ഉദ്യമങ്ങള്‍ക്ക് അനുബന്ധമായി നടത്തി വരുന്നു.
ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ബാബ വിശ്വനാഥന്റെ നാടായ കാശിയിലെ പുണ്യഘാട്ടുകളില്‍ ജൂലൈ 19 മുതല്‍ 20 വരെ നടക്കുന്ന ‘യുവ ആദ്ധ്യാത്മിക ഉച്ചകോടി’ എന്ന സുപ്രധാന സംരംഭം മൈ ഭാരത് ഏറ്റെടുത്തിട്ടുണ്ട്. ‘ലഹരിമരുന്ന് മുക്ത യുവത്വം വികസിത ഭാരതത്തിനായി’ എന്ന പ്രമേയത്തിലൂന്നിയുള്ള ഈ ഉച്ചകോടി, ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ യുവാക്കള്‍ നയിക്കുന്ന ദേശീയ പ്രസ്ഥാനത്തിന് അടിത്തറ പാകാന്‍ ശ്രമിക്കുന്നു.
രാജ്യത്തുടനീളമുള്ള നൂറിലധികം ആത്മീയ സംഘടനകളില്‍ നിന്നുള്ള യുവ പ്രതിനിധികളെ ഉച്ചകോടി ഒരുമിച്ച് ചേര്‍ക്കും. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, എന്‍സിബി തുടങ്ങിയ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സജീവമായി പങ്കെടുക്കും. ഈ സവിശേഷ വേദി യുവാക്കള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍, പരിഹാരങ്ങള്‍ എന്നിവ നയരൂപീകരണ വിദഗ്ധരുമായി നേരിട്ട് പങ്കിടാന്‍ സഹായിക്കും. ഇത് ഒരു ദേശീയ തന്ത്രം രൂപീകരിക്കാന്‍ അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കും.
ആസക്തിയുടെ സ്വഭാവവും രീതികളും, അതിന്റെ ജനസംഖ്യാപരമായ സ്വാധീനം, അന്താരാഷ്‌ട്ര മാനങ്ങള്‍, സര്‍ക്കാര്‍, പൊതുസമൂഹം, യുവാക്കളായ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്ക് എന്നിവ സംബന്ധിച്ച സെഷനുകള്‍ ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തും. ആസക്തിയെ വിജയകരമായി അതിജീവിച്ച യുവാക്കളുടെ വ്യക്തിപരമായ അനുഭവങ്ങളും മറ്റുള്ളവര്‍ക്ക് പ്രചോദനമാകും വിധം പങ്കുവയ്‌ക്കപ്പെടും.
ലഹരിമരുന്ന് മുക്ത ഭാരതത്തിന്റെ പ്രചാരണത്തിനായുള്ള അഞ്ച് വര്‍ഷത്തെ രൂപരേഖയായി വര്‍ത്തിക്കുന്ന കാശി പ്രഖ്യാപനത്തിന്റെ പ്രകാശനത്തോടെയാണ് ഉച്ചകോടി അവസാനിക്കുക. യുവാക്കള്‍ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിലേക്ക് വഴുതി വീഴുന്നത് തടയാനുള്ള തന്ത്രങ്ങള്‍ക്ക് ഈ പ്രഖ്യാപനം രൂപം നല്‍കും. ഇതിനോടകം ലഹരിക്ക് അടിപ്പെട്ടവര്‍ക്ക് പിന്തുണാ സംവിധാനങ്ങള്‍ ലഭ്യമാക്കുകയും, ആസക്തിക്കെതിരെ ശക്തവും കൂടുതല്‍ പ്രതിരോധശേഷിയുള്ളതുമായ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് രാജ്യത്തുടനീ
ളമുള്ള ബോധവത്ക്കരണ പ്രചാരണങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യും.
അമൃത കാലത്തെ തലമുറയുടെ (അമൃത് പീഠിയുടെ) സ്വപ്‌നങ്ങളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്ന ഭാരതത്തെയാണ് പ്രധാനമന്ത്രി മോദി സദാ വിഭാവനം ചെയ്തു പോരുന്നത്. ആ ദര്‍ശനത്തിനനുപൂരകമായി, യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ഈ സംരംഭം യുവജീവിതങ്ങളെ ആസക്തിയില്‍ നിന്ന് സംരക്ഷിക്കുക മാത്രമല്ല, രാഷ്‌ട്രനിര്‍മ്മാണ യത്‌നത്തെ മുന്നോട്ട് നയിക്കാന്‍ അവരെ ശാക്തീകരിക്കുകയും ചെയ്യുന്ന ശക്തമായ ചുവടുവയ്‌പ്പായി നിലകൊള്ളുന്നു.
ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിനുള്ള ഉത്തരവാദിത്തം യുവാക്കളുടേതാണ്. യുവ ആത്മീയ ഉച്ചകോടി വെറുമൊരു പരിപാടിയല്ല- അത് ഒരു പുതിയ ദേശീയ ഉണര്‍വിന്റെ തുടക്കമാണ്. അത് യുവ പൗരന്മാരില്‍ അച്ചടക്കം, ധാര്‍മ്മികത, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ മനോഭാവം ജ്വലിപ്പിക്കുകയും അവരുടെ ജീവിതത്തെ സമ്പന്നമാക്കുകയും രാജ്യത്തിന്റെ ഭാവിയെ ശാക്തീകരിക്കുകയും ചെയ്യും.
കാശിയുടെ പുണ്യഭൂമിയില്‍ നിന്ന് ഓരോ യുവഹൃദയത്തിലും അവബോധത്തിന്റെയും, ദേശസ്നേഹത്തിന്റെയും, ലക്ഷ്യബോധത്തിന്റെയും ജ്വാലയെ പ്രകാശിപ്പിക്കുന്ന ഒരു ആഹ്വാനം ഉയരും. ഈ സംഘടിതമായ ദൃഢനിശ്ചയം 2047 ആകുമ്പോഴേക്കും ശക്തവും, സ്വാശ്രയപൂര്‍ണ്ണവും, വികസിത ഭാരതത്തിന്റെ ആധാരശിലയുമായി മാറും.
















