ആലപ്പുഴ: ആശുപത്രിയില്‍ നിന്ന് മയക്കുമരുന്നുകളും ഡോക്ടര്‍മാരുടെ സീലും ലെറ്റര്‍ പാഡുകളും കവര്‍ന്ന കേസില്‍ തലവടി കുറ്റിക്കാട്ട്‌വെളിയില്‍ ശരത്ത് (26) അറസ്റ്റിലായി. ഉറക്കം വരാത്തതിനാലാണ് അനസ്‌ത്യേഷ്യയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ മോഷ്ടിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇത്തരം മരുന്നുകള്‍ പിന്നീട് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങാനുള്ള പ്രിസ്‌ക്രിപ്ഷന്‍ തയ്യാറാക്കാനാണ് ലെറ്റര്‍ പാഡുകളും മറ്റും മോഷ്ടിച്ചത്.
പ്രതിയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കാണാതായ സീലുകളും മറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്നുകള്‍ ഉപയോഗിച്ച് തീര്‍ത്തതായി പ്രതി പറഞ്ഞു.
ഒരാഴ്ച മുന്‍പാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയില്‍നിന്ന് ഇയാള്‍ മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള അവ്യക്തമായ സൂചനകളും സമാനകേസുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെ വിവരം ശേഖരിച്ചുമാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് ശരത്തിലേക്കെത്തിയത്.
















