ന്യൂഡൽഹി: 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് അറസ്റ്റ് ചെയ്തു. രണ്ട് മത്സ്യബന്ധ യാനങ്ങളും പിടിച്ചെടുത്തു. സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചാണ് ബംഗ്ലാദേശിന്റെ നടപടി. ഈ മാസം 14,15 തിയതികളിലാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് പിടികൂടിയത്.
മൊൻഗ്ലയ്‌ക്ക് സമീപത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് ബംഗ്ലാദേശിന്റെ പിടിയിലായത് എന്നാണ് റിപ്പോർട്ട്. രാത്രിയിൽ മത്സ്യബന്ധനം നടത്തിയവരെയാണ് ബംഗ്ലാദേശ് അറസ്റ്റ് ചെയ്തത്.
പിടിയിലായവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നയതന്ത്ര മാർഗത്തിലൂടെ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
















