മുംബൈ: ഇക്കുറി കമ്പനികള്‍ അവരുടെ ഓഹരികള്‍ കൈവശം വെയ്‌ക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച ലാഭവിഹിതം ആകെ കണക്കാക്കിയാല്‍ 40,000 കോടി രൂപയോളം വരും. ഇതില്‍ കമ്പനിയുടെ ഓഹരികള്‍ കൈവശം വെച്ചിട്ടുള്ള ഉടമകള്‍ക്ക് തന്നെ ഈ തുകയില്‍ നല്ലൊരു പങ്ക് വന്നു ചേരുമെന്നതിനാല്‍ അവര്‍ വീണ്ടും കോടിപതികളാവുന്ന സ്ഥിതിവിശേഷമാണ്. എല്ലാ സാമ്പത്തികവര്‍ഷവും കമ്പനി അവരുടെ ഓഹരികള്‍ കൈവശം വെയ്‌ക്കുന്ന ഓഹരിയുടമകള്‍ക്ക് കമ്പനിയുടെ അറ്റായാദത്തില്‍ നിന്നും ഒരു പങ്ക് ലാഭവിഹിതമായി നല്‍കുന്ന പതിവുണ്ട്.
എച്ച് സിഎല്‍ എന്ന സോഫ്റ്റ് വെയര്‍ കമ്പനി ഉടമ ശിവ് നാടാറിന് ലാഭവിഹിതമായി മാത്രം ലഭിക്കുക 9902 കോടി രൂപയാണ്. ഒരു ഓഹരിയ്‌ക്ക് 60 രൂപയാണ് എച്ച് സിഎല്‍ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇത് പ്രകാരം ആകെ ഓഹരികള്‍ക്ക് ഏകദേശം 16290 കോടി രൂപയാണ് കമ്പനി ഓഹരിയുടമകള്‍ക്ക് നല്‍കുന്നത്. കമ്പനിയുടെ 60.81 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നത് ശിവ് നാടാര്‍ തന്നെയാണ്. അതുകൊണ്ട് ലാഭവിഹിതത്തില്‍ 9902 കോടി രൂപ ശിവ് നാടാര്‍ക്ക് ലഭിയ്‌ക്കും. 3700 കോടി ഡോളര്‍ ആസ്തിയുള്ള 80 വയസ്സ് പ്രായമുള്ള ശിവ് നാടാര്‍ ഇന്ന് ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നനാണ്.
ഗൗതം അദാനിയ്‌ക്ക് വിവിധ അദാനി കമ്പനികളുടെ ഓഹരിയുടമകള്‍ക്ക് നല്‍കുന്ന ലാഭവിഹിതത്തില്‍ നിന്നും 1460 കോടി രൂപയാണ് ലഭിക്കുക. മുകേഷ് അംബാനിയ്‌ക്കാകട്ടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള വിവിധ കമ്പനികള്‍ക്ക് പ്രഖ്യാപിച്ച ലാഭവിഹിതത്തില്‍ നിന്നും 3655 കോടി രൂപയാണ് ലഭിക്കുക.
ശിവ് നാടാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലാഭവിഹിതം സ്വന്തമാക്കുന്ന രണ്ടാമത്തെയാള്‍ വേദാന്ത എന്ന കമ്പനിയുടെ ഉടമ അനില്‍ അഗര്‍വാളാണ്. ആകെ നല്‍കുന്ന 17009 കോടി രൂപയില്‍ നിന്നും ഏകദേശം 9591 കോടി രൂപ അനില്‍ അഗര്‍വാളിന് ലഭിയ്‌ക്കും. അനില്‍ അഗര്‍വാള്‍ തന്റെ കമ്പനിയുടെ 56.38 ശതമാനം ഓഹരികളുടെ ഉടമയാണ്.
വിപ്രോ ഉടമ അസിം പ്രേംജി ആറ് രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. കമ്പനിയുടെ 72.66 ശതമാനം ഓഹരികള്‍ കൈവശം വെച്ചിട്ടുള്ള അസിം പ്രേംജിക്ക് ലാഭവിഹിതമായി ലഭിക്കുക 4570 കോടിയോളം രൂപ.
സണ്‍ ഫാര്‍മ എന്ന മെഡിക്കല്‍ കമ്പനിയുടെ ഉടമ ദിലീപ് സംഘ്വിക്ക് ലാഭവിഹിതമായി ലഭിക്കുക 3839 കോടി രൂപയാണ്. ഭാരതി എയര്‍ടെല്‍ ഉടമ സുനില്‍ ഭാരതി മിത്തലിന് ലഭിക്കുക ലാഭവിഹിതത്തിന്റെ 2357 കോടി രൂപയാണ്.
















