കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വെളളിയാഴ്ച സ്‌കൂളുകളില്‍ സംസ്ഥാന വ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു.സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആണ് അക്കാര്യം അറിയിച്ചത്.
കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിന്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.പൊതുവിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകള്‍ക്ക് ആവശ്യമായ പരിഗണന സര്‍ക്കാര്‍ നല്‍കുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഇത്തരം സംഭവങ്ങളെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്ന നവകേരള നിര്‍മ്മിതിക്കാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതരും വിദ്യാഭ്യാസ വകുപ്പും, കെ.എസ്.ഇ.ബിയും ഒരേ പോലെ കുറ്റക്കാരാണ്.വര്‍ഷങ്ങളായി ഈ വൈദ്യുതി ലൈന്‍ സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്നാണ് കിടക്കുന്നത്. ലൈന്‍കമ്പി മാറ്റുന്നതില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
സ്‌കൂള്‍ മാനേജ്മെന്റ് അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് കെഎസ്ഇബി പറയുന്നത്.എന്നാല്‍ നേരത്തെ, കെഎസ്ഇബിക്ക് വിവരം നല്‍കിയിരുന്നുവെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് പറയുന്നത്. പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ആര്‍ക്കും അവസരം നല്‍കാന്‍ പാടില്ലെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
















