1974 ലെ സര്‍വകലാശാല ആക്ടിലെ സെക്ഷന്‍ 10(13) പ്രകാരമാണ് വൈസ് ചാന്‍സലറായിരുന്ന ഡോ. സിസ. തോമസ്, രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. സിന്‍ഡിക്കേറ്റിന്റെ അധികാരം യോഗം ചേരുമ്പോള്‍ മാത്രമാണ്. സമ്മേളിക്കാത്ത സമയത്ത് സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് പ്രത്യേകാധികാരം ഇല്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സിന്‍ഡിക്കേറ്റിന്റെ അധികാരം പ്രയോഗിക്കാന്‍ സ്റ്റാറ്റിയൂട്ടിലെ 10 (13) വൈസ് ചാന്‍സലറെ അനുവദിക്കുന്നു. വൈസ് ചാന്‍സലറുടെ ഈ പ്രത്യേകാധികാരം ഉപയോഗിച്ച് സ്വീകരിക്കുന്ന നടപടികള്‍ തൊട്ടടുത്ത സിന്‍ഡിക്കേറ്റില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാവും. വൈസ് ചാന്‍സലര്‍ ഇത്തരത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്ക് സിന്‍ഡിക്കേറ്റിന്റെ അംഗീകാരം ആവശ്യമില്ലെന്ന് മാത്രമല്ല; വൈസ് ചാന്‍സലറുടെ തീരുമാനം റദ്ദാക്കാനും സിന്‍ഡിക്കേറ്റിന് കഴിയില്ല. കാരണം, സിന്‍ഡിക്കേറ്റ് യോഗം ചേരാത്ത സമയത്ത് 10(13) പ്രകാരം വൈസ് ചാന്‍സലര്‍ സ്വീകരിക്കുന്ന നടപടി സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തിന് തുല്യമാണ്. ഇതിനിടെ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി അനുസരിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ റഷ്യയിലേക്ക് പോയി. വിസി വിദേശത്ത് പോയതിനാല്‍ രാജ്ഭവന്‍ കേരള സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലറായി ഡിജിറ്റല്‍ സര്‍വ്വകലാശാല വിസി ഡോ. സിസാ തോമസിനെ നിയമിച്ചു. അവര്‍ ചാര്‍ജ് എടുക്കാനെത്തിയപ്പോള്‍ സര്‍വകലാശാലയില്‍ ജീവനക്കാരും അധ്യാപകരും പ്രധാന കവാടം ഉപരോധിച്ചു. സെനറ്റ് ഹാളിന് സമീപത്തുള്ള വാതില്‍ വഴിയാണ് അവര്‍ ചേമ്പറിലെത്തിയത്. ജൂലൈ നാലിന് വൈസ് ചാന്‍സലറെ തടയാനെത്തിയത് എസ്എഫ്‌ഐക്കാരായിരുന്നു. താത്കാലിക വിസിയുടെ കൃത്യനിര്‍വഹണത്തില്‍ നിന്ന് അവരെ വിലക്കാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നേരിട്ട് ഇറങ്ങി. ഇതിനിടെ രജിസ്ട്രാറെ നിയമിക്കുന്നതിനുള്ള അധികാരം സിന്‍ഡിക്കേറ്റിനായതിനാല്‍ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരവും സിന്‍ഡിക്കേറ്റിന് മാത്രമാണെന്നും തന്നെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി ചട്ടപ്രകാരം നിലനില്‍ക്കുന്നതല്ലെന്നും കാണിച്ച് രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.
കേസ് പരിഗണിച്ച കോടതി സസ്‌പെന്‍ഷനില്‍ സ്റ്റേ വേണമെന്ന രജിസ്ട്രാറുടെ ആവശ്യം അംഗീകരിച്ചില്ല. മറിച്ച്, ‘ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇങ്ങനെയായിരുന്നില്ല രജിസ്ട്രാര്‍ പെരുമാറേണ്ടിയിരുന്നത്’ എന്ന് പരാമര്‍ശിക്കുകയും ‘ഭാരതാംബയെ സാരിയുടുത്ത സ്ത്രീ എന്ന് വിളിക്കുന്നത് ഉചിതമാണോ’ എന്നും ചോദിച്ചു. കേസ് ജൂലൈ 7ന് പരിഗണിക്കാനായി കോടതി മാറ്റി. കേരള സര്‍ക്കാര്‍, കേരള സര്‍വകലാശാല, വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, സിന്‍ഡിക്കേറ്റ് എന്നിവരാണ് രജിസ്ട്രാര്‍ നല്‍കിയ കേസിലെ എതിര്‍കക്ഷികള്‍. കേസിലെ എതിര്‍കക്ഷി എന്ന നിലയില്‍ സിന്‍ഡിക്കേറ്റിന്റെ ഭാഗത്തുനിന്ന് വസ്തുതാ റിപ്പോര്‍ട്ട് നല്‍കുന്നതിനായി, ഒരേയൊരു അജണ്ട വെച്ച്, ജൂലൈ 6 ശനിയാഴ്ച 11 മണിക്ക് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു. സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം പങ്കെടുത്ത പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിര്‍ദ്ദിഷ്ട അജണ്ട ചര്‍ച്ച ചെയ്യാന്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അനുവദിച്ചില്ല. മാത്രമല്ല, കോടതിയുടെ പരിഗണനയിലിരിക്കുന്ന രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് വാശി പിടിക്കുകയും ചെയ്തു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും വൈസ് ചാന്‍സലറുടെയും നിലപാട് അംഗീകരിക്കാതെ തുടര്‍ച്ചയായി അംഗങ്ങള്‍ ബഹളം വച്ചു. തുടര്‍ന്ന് അധ്യക്ഷയായ വിസി സിന്‍ഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു. ശേഷം വൈസ്ചാന്‍സലര്‍ സിന്‍ഡിക്കേറ്റ് റൂം വിട്ട് ചേമ്പറിലേക്ക് പോയപ്പോള്‍ രജിസ്ട്രാറിന്റെ ചുമതലയുള്ള ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാര്‍ അവിടെത്തന്നെ തുടര്‍ന്നു. വൈസ് ചാന്‍സലര്‍ മുറി വിട്ടുപോയ ശേഷവും അവിടെ തുടര്‍ന്ന ഹരികുമാറിനെ, മേല്‍ ഉദ്യോഗസ്ഥയെ ധിക്കരിച്ചതിന്റെ പേരില്‍ രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് മാറ്റി. പകരം ചുമതല പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ മിനി ഡിജോ കാപ്പന് നല്‍കി. ജോയിന്റ് രജിസ്ട്രാര്‍ അഡ്മിനിസ്‌ട്രേഷനില്‍നിന്ന് അക്കാദമിക്കിലേക്ക് ഹരികുമാറിനെ മാറ്റി.
വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റ് യോഗം പിരിച്ചുവിട്ട ശേഷം ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സിന്‍ഡിക്കേറ്റ് റൂമില്‍ തുടരുകയും മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. രാധാമണിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന്, വൈസ് ചാന്‍സലര്‍ സസ്‌പെന്റ് ചെയ്ത രജിസ്ട്രാര്‍ അനില്‍കുമാറിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതായും അവകാശപ്പെടുന്നു. ചാന്‍സലറുടെ അഭാവത്തില്‍ പ്രോ വൈസ് ചാന്‍സലര്‍ അതുമല്ലെങ്കില്‍ സിന്‍ഡിക്കേറ്റിലെ മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ സിന്‍ഡിക്കേറ്റ് യോഗം ചേരാമെന്ന സര്‍വകലാശാല ആക്ടിലെ സെക്ഷന്‍ 6 ആണ് ഇതിന് ഉപോദ്ബലകമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. കേരള സര്‍വകലാശാലയില്‍ നിലവില്‍ പ്രൊ വൈസ് ചാന്‍സലര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. സെക്ഷന്‍ ആറു പ്രകാരം ഇങ്ങനെയൊരു സിന്‍ഡിക്കേറ്റ് യോഗം ചേരണമെങ്കില്‍ അതിന വൈസ് ചാന്‍സറുടെ അനുമതി വേണമെന്നും അങ്ങനെ ചേരുന്ന സിന്‍ഡിക്കേറ്റിലെ അജണ്ടയ്‌ക്ക് വൈസ് ചാന്‍സലറുടെ അംഗീകാരം വേണമെന്നും മറ്റുമുള്ള ഉപാധികള്‍ ബോധപൂര്‍വം ഇവര്‍ വിസ്മരിച്ചു. അങ്ങനെ ചട്ടവിരുദ്ധമായി ചേര്‍ന്ന സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം രജിസ്ട്രാറെ പുനസ്ഥാപിച്ചതായി പ്രഖ്യാപിച്ചു.
അംഗീകൃതമല്ലാത്ത ഒരു യോഗത്തിലെടുത്ത തീരുമാനപ്രകാരം പുന:സ്ഥാപിക്കപ്പെട്ട രജിസ്ട്രാര്‍ ഇടത് സിന്‍ഡിക്കേറ്റിന്റെയും കേരള പോലീസിന്റെയും സര്‍വകലാശാലയിലെ ഇടത് യൂണിയന്റെയും ബലത്തില്‍ സര്‍വകലാശാല ഭരിക്കുകയാണ്. ഏഴാം തീയതി സര്‍വീസില്‍ തിരിച്ചെടുത്തു എന്നും തന്റെ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ട് രജിസ്ട്രാര്‍ കോടതിയിലെത്തി. ഇതിനെ വൈസ് ചാന്‍സലര്‍ കോടതിയില്‍ എതിര്‍ത്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ഉചിതമായ മേലധികാരിയെ സമീപിക്കാം എന്ന് മാത്രം പറഞ്ഞ് രജിസ്ട്രാറുടെ കേസ് പിന്‍വലിക്കാന്‍ കോടതി അനുവദിച്ചു. എന്നാല്‍ സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് രജിസ്ട്രാറെ തിരിച്ചെടുക്കാനുള്ള നടപടി ഹൈക്കോടതി അംഗീകരിച്ചു എന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്താനാണ് ഇടത് കേന്ദ്രങ്ങളുടെ ശ്രമം.
മേലുദ്യോഗസ്ഥയെ ധിക്കരിച്ചതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച ജോയിന്റ് രജിസ്ട്രാര്‍ അവധിയില്‍ പ്രവേശിച്ചു. ചട്ടപ്രകാരം രജിസ്ട്രാറായി ചുമതല ലഭിച്ച ഡോ. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല ഏറ്റെടുക്കുവാനോ ഓഫീസില്‍ പ്രവേശിക്കുവാനോ കഴിയാത്ത സുരക്ഷാവീഴ്ചയും സര്‍വകലാശാലയിലുണ്ടായി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോ. കെ.എസ്. അനില്‍കുമാറിനെ രജിസ്ട്രാറുടെ ഓഫീസില്‍ പ്രവേശിപ്പിക്കരുതെന്ന വൈസ്ചാന്‍സലറുടെ ഉത്തരവ് നടപ്പാക്കാനാവാത്ത സ്ഥിതിയാണിപ്പോഴുള്ളത്.
ഇതിനിടെ, എട്ടാം തീയതി യൂണിവേഴ്‌സിറ്റിയിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍, യഥാര്‍ത്ഥത്തില്‍ സര്‍വകലാശാല കയ്യേറുകയായിരുന്നു. പ്രധാന കവാടം തള്ളിത്തുറന്ന് അകത്തു കയറിയ പ്രവര്‍ത്തകര്‍ വസ്തുവകകള്‍ നശിപ്പിച്ചു. വൈസ് ചാന്‍സലറുടെ ഓഫീസിനടുത്തു വരെ സമരക്കാരെത്തി. സമരക്കാര്‍ക്കാവേശം പകരാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടെത്തി.
കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ) മോഹനന്‍ കുന്നുമ്മലിനെ സര്‍വ്വകലാശാലയില്‍ പ്രവേശിപ്പിക്കില്ല എന്നാണ് എസ്എഫ്‌ഐയുടെ അവകാശവാദം. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നാണ് എസ്എഫ്‌ഐയുടെ കണ്ടുപിടിത്തം. ആരോഗ്യമേഖലയില്‍ മിടുക്കനായ ഡോക്ടര്‍ എന്ന് പരക്കെ അംഗീകരിക്കപ്പെട്ട ഡോ. മോഹനന്‍ കുന്നുമ്മലിനെ വൈസ് ചാന്‍സലറായി ആദ്യം നിയമിച്ചത് ഇടത് സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമാണെന്ന് ഒരുപക്ഷേ എസ്എഫ്‌ഐക്കാര്‍ക്ക് അറിയില്ലെങ്കിലും പാര്‍ട്ടി സെക്രട്ടറിക്ക് അറിവുള്ളതല്ലേ? അദ്ദേഹത്തെ കേരള സര്‍വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലറാക്കി കൊണ്ടുള്ള ചാന്‍സലറുടെ തീരുമാനത്തിനെതിരെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഹൈക്കോടതിയില്‍ കേസിന് പോയെങ്കിലും ഡിവിഷന്‍ ബെഞ്ച് അദ്ദേഹത്തിന് അനുകൂലമായി വിധിപ്രസ്താവിച്ച കാര്യവും എസ്എഫ്‌ഐക്കാര്‍ക്ക് അറിയില്ലെന്ന് വേണം കരുതാന്‍. ഗവര്‍ണര്‍ നിയമിച്ച എല്ലാ വൈസ് ചാന്‍സലര്‍മാരെയും എസ്എഫ്‌ഐയും ഇടതു സംഘടനകളും എതിര്‍ക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി നിയമിതനായ പ്രൊഫ.. ബിജു കുമാറിനും മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിതനായ പ്രൊഫ. സി.ആര്‍. പ്രസാദിനും കാര്യവട്ടം ക്യാമ്പസില്‍ സ്വീകരണം ഒരുക്കിയപ്പോഴാണ് ഡോ.സിസാ തോമസിനും പ്രൊഫ. (ഡോ) മോഹനന്‍ കുന്നുമ്മലിനും ഭ്രഷ്ട് കല്‍പ്പിക്കുന്നത്. അപ്പോള്‍ സംഗതി ഇതൊന്നുമല്ല എന്ന് വ്യക്തം. ആരോഗ്യമേഖലയില്‍ ആകെ അടിപതറിയിരിക്കുകയാണ് സര്‍ക്കാര്‍. സര്‍വകലാശാലയെ കലാപശാലയാക്കി ജനശ്രദ്ധ തിരിച്ചു വിടുക എന്നതാണ് പ്രധാന ലക്ഷ്യം. അതില്‍ ഏറെക്കുറെ വിജയിച്ചു എന്നു തന്നെ പറയാം.
കേരളത്തില്‍ അടുത്തിടെ സര്‍ക്കാര്‍ പാസാക്കിയ സ്വകാര്യ സര്‍വകലാശാല ബില്‍ അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയച്ചിരിക്കുകയാണ്. ഈ ബില്ല് നിയമമാകുന്നതോടെ ധാരാളം സ്വകാര്യ സര്‍വ്വകലാശാല മുതലാളിമാര്‍ കേരളത്തിലേക്ക് എത്തും. കേരളത്തില്‍ കച്ചവട താല്‍പര്യത്തോടെ വരുന്ന സ്വകാര്യ സര്‍വകലാശാല മുതലാളിമാര്‍ക്ക് കച്ചവടം പൊടിപൊടിക്കണമെങ്കില്‍ സംസ്ഥാനത്തെ പൊതു സര്‍വകലാശാലകളെ ക്ഷീണിപ്പിക്കേണ്ടതുണ്ട്. അതുപോലെ, സര്‍വകലാശാലകളില്‍ നടന്നിട്ടുള്ള ശതകോടികളുടെ അഴിമതിക്കഥകള്‍ പുറത്ത് വരുന്നതും ചിലരെയൊക്കെ വിറളി പിടിപ്പിക്കുന്നുണ്ട്. ചൊല്‍പടിയില്‍ നില്‍ക്കാത്ത വൈസ് ചാന്‍സലര്‍മാര്‍ സര്‍വകലാശാലാ തലപ്പത്ത് എത്തിയാല്‍ കൂടുതല്‍ തട്ടിപ്പ് കഥകള്‍ പുറത്തുവരാന്‍ സാധ്യതയുണ്ടെന്നും അവര്‍ ഭയക്കുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും ആയിരക്കണക്കിന് അദ്ധ്യാപകരും അഭ്യുദയകാംക്ഷികളുമടങ്ങിയ വലിയൊരു അക്കാദമിക സമൂഹം നിരാശയിലാണ്. ഈ നീരാളിപ്പിടുത്തത്തില്‍ നിന്ന് കേരള സര്‍വകലാശാലയെ മോചിപ്പിക്കാന്‍ കൂട്ടായ യത്നമനിവാര്യമാണ്. ഇപ്പോള്‍ സിപിഎം ആലോചിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ വഴി നടപ്പാക്കുന്ന സമരാഭാസത്തിന്റെ പിന്നിലെ ദുഷ്ടലാക്ക് കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയുക തന്നെ ചെയ്യും.
(കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമാണ് ലേഖകന്‍)
















