തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. പണിമുടക്കിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് വന്ന നഷ്ടം നികത്താന്‍ മാര്‍ഗങ്ങളൊന്നുമില്ല. പോയത് പോയെന്നും അന്നത്തെ ദിവസം അവധിയെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ടതില്ല, ഡീസല്‍ ചിലവില്ല എന്ന ആശ്വാസം മാത്രമാണുളളതെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളെ വഴിയില്‍ തടഞ്ഞ് സമരം നടത്തുന്നതിനോട് യോജിപ്പില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.പണിമുടക്ക് ദിവസം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുമെന്ന് മന്ത്രി പറഞ്ഞത് വിമര്‍ശനത്തിന് വഴിവച്ചിരുന്നു.
സ്വകാര്യ ബസുടമകള്‍ ഈ മാസം 22 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തില്‍ നിന്ന് ബസ് ഓപ്പറേറ്റഴ്‌സ് ഫോറം പിന്മാറിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റുള്ളവര്‍ സമരവുമായി മുന്നോട്ട് പോവുകയാണ്. 99 ശതമാനം ആവശ്യങ്ങളിലും ധാരണയായിട്ടുണ്ട്.സമരം തുടരാന്‍ തീരുമാനിച്ചവരുമായി വീണ്ടും ചര്‍ച്ച നടത്തും.
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്നതിലാണ് കൂടുതല്‍ ചര്‍ച്ച. പെര്‍മിറ്റ് പുതുക്കുന്നതില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കില്ല. പുതിയ വണ്ടികള്‍ കൊണ്ടുവരുന്നവര്‍ക്ക് മാത്രമായിരിക്കും പുതിയ പെര്‍മിറ്റ്. ബസുകള്‍ തമ്മില്‍ നഗരങ്ങളില്‍ അഞ്ച് മിനിറ്റും ഗ്രാമങ്ങളില്‍ 10 മിനിട്ടും ഇടവേള എന്ന നിര്‍ദേശം അംഗീകരിച്ചിട്ടുണ്ട്.
















