ബെംഗളൂരു: മഞ്ജുനാഥക്ഷേത്രത്തിനും ജൈനക്ഷേത്രത്തിനും പേര് കേട്ട ധര്‍മ്മസ്ഥലയില്‍ നിന്നും കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തയില്‍ അമ്പരന്ന് കര്‍ണ്ണാടക. ഈ ക്ഷേത്രത്തോട് ചുറ്റിപ്പറ്റിയുടെ പ്രദേശങ്ങളില്‍ 1995 മുതലുള്ള കാലഘട്ടത്തില്‍ ഏകദേശം 450ല്‍ പരം പേരെ ചിലരുടെ നിര്‍ദേശപ്രകാരം കുഴിച്ചു മൂടിയിട്ടുണ്ടെന്നും ഇതില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളും യുവതികളും ധാരാളമായുണ്ടെന്നും വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ് ഒരു ശുചീകരണത്തൊഴിലാളി.
പുണ്യസ്ഥലമായ ധര്‍മ്മസ്ഥലയിലെ നൂറുകണക്കിന് കൊലപാതകപരമ്പരയെക്കുറിച്ച് ഒരു ശുചീകരണത്തൊഴിലാളി തങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് ഓജസി ഗൗഡ, സച്ചിന്‍ ദേശ് പാണ്ഡെ എന്നീ രണ്ട് അഭിഭാഷകര്‍ രംഗത്തെത്തിയതോടെയാണ് പുറംലോകം ഇക്കാര്യം അറിഞ്ഞത്. കൊലപാതകങ്ങളും ലൈംഗിക അതിക്രമങ്ങളും മൂലം മരണപ്പെട്ട നിരവധി പേരുടെ മൃതദേഹങ്ങള്‍ താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും അത് പുറത്തെടുക്കാന്‍ തയ്യാറാണെന്നും പണ്ട് ഇവിടെ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഈ യുവ അഭിഭാഷകര്‍ പറയുന്നു. തന്റെ പ്രവൃത്തിമൂലമുള്ള കുറ്റബോധം കാരണമാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പൊലീസില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും ഇയാള്‍ പറയുന്നതായും അഭിഭാഷകര്‍ അറിയിച്ചു.
അഭിഭാഷകരുടെ ഈ അവകാശവാദം ഒരു കത്തിന്റെ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ഇതോടെ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായിരിക്കുകയാണ്. ഈ കത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് അഭിഭാഷകരോട് ചോദിച്ചെന്നും അവര്‍ ഇത് സത്യമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ദക്ഷിണ കന്നഡ ജില്ലാ പൊലീസ് മേധാവി പറയുന്നു. സാക്ഷിസംരക്ഷ നിയമം 2018 പ്രകാരം ഇക്കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്താന്‍ തയ്യാറാണെന്നാണ് ഈ തൊഴിലാളി പറഞ്ഞിരിക്കുന്നതെന്നും അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ് പൊലീസ്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്.
ദക്ഷിണകന്നഡ ജില്ലയിലാണ് ധര്‍മ്മസ്ഥല നിലകൊള്ളുന്നത്. ശവശരീരങ്ങള്‍ കുഴിച്ചുമൂടിയ സ്ഥലം കാട്ടിത്തരാന്‍ തയ്യാറാണെന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇവിടെ ഒരു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുകയാണ്. സത്യം വെളിപ്പെടുത്തുന്ന മാപ്പുസാക്ഷിയ്‌ക്ക് നിയമസംരക്ഷണം നല്‍കുന്ന വകുപ്പാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: