തിരുവനന്തപുരം: എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ കുട്ടികളെയും രക്ഷിതാക്കളെയും കേരള സര്‍ക്കാര്‍ വഞ്ചിച്ചെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രവേശന പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണം. അശാസ്ത്രീയമായ പരിഷ്ക്കാരം ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ കുട്ടികളെ നിയമപോരാട്ടത്തിന് വിട്ട് മാളത്തിലൊളിക്കുകയാണ് ഉന്നതവിദ്യാഭ്യാസമന്ത്രി.
വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ നടത്തിയ നീക്കമാണ് കോടതിയില്‍ പൊളിഞ്ഞത്. കേസിൽ കക്ഷി ചേരാന്‍ ധൈര്യമില്ലാത്തത് എന്തോ ഒളിപ്പിക്കാനുള്ളതുകൊണ്ടെന്ന് വ്യക്തമെന്നും മുൻകേന്ദ്രമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്പെക്ടസ് മാറിയതിലെ ദുരൂഹത വിശദീകരിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യത്തിന് ധാർഷ്ഠ്യത്തോടെ മറുപടി പറയുന്ന വിദ്യാഭ്യാസ മന്ത്രി, ജനങ്ങളോടും കോടതിയോടും മറുപടി പറയാൻ ബാധ്യസ്ഥയാണ്. പുതിയ ഫോര്‍മുല ആരുടെ താല്‍പര്യപ്രകാരമായിരുന്നു എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കേരളത്തെ മികവിന്റെ കേന്ദ്രമാക്കുന്നുവെന്ന് നാഴികയ്‌ക്ക് നാൽപ്പതുവട്ടം പറയുന്നവരാണ് ഈ സമീപനം സ്വീകരിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: