അധ്യാപകന്റെ പീഡനത്തെത്തുടർന്ന് സ്വയം തീകൊളുത്തിയ ഒഡീഷയിലെ ബാലാസോറിലെ ഫക്കീർ മോഹൻ കോളജിലെ ബിരുദവിദ്യാർത്ഥിനി മരിച്ചു. ഭുവനേശ്വർ എയിംസിൽ ചികിത്സയിലിരിക്കേയാണ് ഇരുപതുകാരി അന്ത്യശ്വാസം വലിച്ചത്. രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്നലെ ആശുപത്രിയിലെത്തി പെൺകുട്ടിയെ സന്ദർശിച്ചിരുന്നു. 90 ശതമാനം പൊള്ളലേറ്റ യുവതിയുടെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലായിരുന്നു.
അധ്യാപകൻ തുടർച്ചയായി ലൈംഗികാതിക്രമം നടത്തിയിട്ടും കോളജ് പരാതി അവഗണിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം ഇരുപതുകാരി സ്വയം തീകൊളുത്തിയത്. അധ്യാപകനെതിരായ വിദ്യാർത്ഥി പ്രതിഷേധത്തിനിടെയാണ് ദാരുണസംഭവം നടന്നത്. ബിരുദവിദ്യാർത്ഥിനിയാണ് അധ്യാപകനിൽ നിന്ന് തുടർച്ചയായി ലൈംഗികാതിക്രമം നേരിട്ടതിനെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്.
എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻറ് മേധാവിയായ സമീർ കുമാർ സാഹു, തൻറെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ അക്കാദമിക് റെക്കോർഡ‍് കുഴപ്പത്തിലാക്കുമെന്നും കരിയർ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമം തുടർച്ചയായപ്പോൾ പെൺകുട്ടി പ്രിൻസിപ്പലിന് പരാതി നൽകി. ആഭ്യന്തര പരാതിപരിഹാരസമിതിയെയും സമീപിച്ചു.
വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ശ്രമിച്ച സഹപാഠി 70 ശതമാനം പൊള്ളലേറ്റ് ഇതേ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംഭവത്തെത്തുടർന്ന് ആരോപണ വിധേയനായ അസിസ്റ്റൻറ് പ്രഫസർ സമീർ കുമാർ സാഹുവിനെ അറസ്റ്റ് ചെയ്തു. ദിലീപ് സാഹുവിനെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പലും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: