ന്യൂദൽഹി : ഇസ്ലാം ഭീകരർ കൊലപ്പെടുത്തിയ കനയ്യലാലിന്റെ കഥ പറയുന്ന ‘ഉദയ്പൂർ ഫയൽസ്’ എന്ന സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകി . ‘ഉദയ്പൂർ ഫയൽസ്’ പോലുള്ള സിനിമകൾ സമൂഹത്തിൽ വിദ്വേഷവും ഭിന്നതയും വളർത്തുന്നുവെന്നും അവയുടെ പ്രചാരണം അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുമെന്നുമാണ് മൗലാന മദനി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
നൂറ്റാണ്ടുകളായി നമ്മുടെ രാജ്യം ഗംഗാ-യമുനി തെഹ്സീബിന്റെ പ്രതീകമാണെന്നും ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് ജീവിച്ചുവരുന്നുവെന്നും ഹർജിയിൽ പറയുന്നു. ഇത്തരം സിനിമകൾ രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുമെന്നും ഹർജിയിൽ പറയുന്നു. ഈ സിനിമ പൂർണ്ണമായും വിദ്വേഷത്തിൽ അധിഷ്ഠിതമാണെന്നും ഇതിന്റെ പ്രദർശനം രാജ്യത്തെ സമാധാനത്തെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.
നൂപുർ ശർമ്മയുടെ വിവാദ പ്രസ്താവനയിലൂടെ ഇന്ത്യ അന്താരാഷ്‌ട്ര തലത്തിൽ അപകീർത്തിപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ത്യ എല്ലാ മതങ്ങളെയും സമൂഹങ്ങളെയും ബഹുമാനിക്കുന്നുവെന്ന് നയതന്ത്ര തലത്തിൽ ഇന്ത്യൻ സർക്കാർ വിശദീകരണം നൽകേണ്ടി വന്നതെന്നും ഹർജിയിൽ പറയുന്നു.
ഈ സിനിമയുടെ നിർമ്മാതാവായ അമിത് ജാനിയുടെ ഭൂതകാലവും വർത്തമാനവും പ്രകോപനപരമായ പ്രവർത്തനങ്ങളാൽ നിറഞ്ഞതാണെന്നും ഹർജിയിൽ പറയുന്നു. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി സാങ്കൽപ്പിക കാര്യങ്ങൾ ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. നൂപുർ ശർമ്മയുമായി ബന്ധപ്പെട്ട വിവാദവും സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്, ഇക്കാരണത്താൽ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ഉയർന്നുവരികയും വിദേശത്ത് നിന്ന് പോലും ശബ്ദങ്ങൾ ഉയരുകയും ചെയ്തുവെന്നും ഹർജിയിൽ പറയുന്നു.
ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് മൗലാന അർഷാദ് മദനി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകിയത് . ഒരാഴ്ചയ്‌ക്കുള്ളിൽ പരാതിയിൽ തീരുമാനമെടുക്കണമെന്നാണ് കോടതി നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: