ശ്രദ്ധാപൂര്‍വ്വം ചിട്ടപ്പെടുത്തിയ സാധാരണ ജീവിതത്തിന്റെ അടുക്കുകളില്‍നിന്ന് വഴുതിപ്പോകുന്ന അപൂര്‍വ്വ മനുഷ്യരുണ്ട്. അവരില്‍ സാധാരണ ജീവിതത്തിന്റെ അര്‍ത്ഥശൂന്യമായ പ്രകടനപരതയ്‌ക്ക് വഴങ്ങാത്ത മനസിന്റെ അഗ്‌നിസാന്നിധ്യമുണ്ട്. അത്തരം ജീവിതങ്ങളെ കൂടുതല്‍ സൂക്ഷിച്ചു നോക്കിയാല്‍ പ്രകാശം പരത്തുന്ന ഒരു മനസ് നമുക്ക് ആദ്യം മുതല്‍ കാണാനാവും. യാഥാര്‍ത്ഥ്യത്തിന്റെ ഇരുതലവാള്‍മൂര്‍ച്ചകളില്‍ മുറിഞ്ഞു നോവുമ്പോഴും ചെറുത്തു നില്‍പ്പുകള്‍ കാണാനാവും. മനസിന്റെ നിഗൂഢലിപികളില്‍ അവര്‍ സൂക്ഷിക്കുന്ന അനന്യസങ്കല്‍പ്പങ്ങള്‍ക്ക് അപൂര്‍വതകളുണ്ടാവും.
ചിലഗ്രന്ഥങ്ങള്‍ വായനക്കാരനെ അടിമുടി പുനര്‍നിര്‍മിക്കാറുണ്ട്. വിശുദ്ധ ചാവറ; ഒരു ആവാസവ്യവസ്ഥ എന്ന റവ. ഡോ. ജയിംസ് മുല്ലശേരിയുടെ പുസ്തകം വായിച്ചുതീര്‍ത്തപ്പോള്‍ ആദ്യം മനസിലേക്ക് ഓടിവന്ന ചിന്ത കാലഘട്ടം ആവശ്യപ്പെടുന്ന ഒരു പുസ്തകം എന്നതായിരുന്നു.
കാലത്തിനു മുന്‍പേ നടന്ന ഒരു പുണ്യപുരോഹിതനെ, നവോത്ഥാന നായകനെ വളരെ ലളിതമായി കാലികപ്രസക്തിയോടെ വായനക്കാര്‍ക്കു മുമ്പില്‍ പുനരവതരിപ്പിക്കുകയാണ് അച്ചന്‍. ഇന്നിന്റെ വര്‍ണപ്പകിട്ടുകള്‍ക്കിടയില്‍ ഇന്നലെകളുടെ ശോഭയെ മറന്നുപോകുന്ന ഒരു പ്രവണത നിലനില്‍ക്കുന്ന സാമൂഹ്യസാഹചര്യത്തില്‍ ഈ പുനരവതരണം അത്യന്താപേക്ഷിതം തന്നെയാണ്.
കേരള ചരിത്രകാരന്മാര്‍ അത്രകണ്ട് നീതികാണിക്കാത്ത ഒരു സാമൂഹികപരിഷ്‌കര്‍ത്താവാണ് ചാവറയച്ചന്‍ എന്നതില്‍ തര്‍ക്കമില്ല. ആ ചരിത്രകാരന്മാരെ വായിച്ചുവളര്‍ന്ന ഒരു തലമുറയ്‌ക്കുമുമ്പില്‍ കണിശതയുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ പുസ്തകം. ഇത്തരം ചില ഓര്‍മ്മപ്പെടുത്തലുക ളാണ് നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നതും വേരുറപ്പിക്കുന്നതും മുന്നോട്ട് നയിക്കുന്നതും. അതുകൊണ്ടുതന്നെ മുല്ലശേരി അച്ചന്റെ ഈ കുറിപ്പുകള്‍ക്ക് പ്രസക്തിയേറെയാണ്.
ചാവറയച്ചനും അദ്ദേഹം നല്‍കിയ സംഭാവനകളും നമ്മുടെ നാടിന് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് സൂചിപ്പിക്കാന്‍ മുല്ലശേരി അച്ചന്‍ പുസ്തകത്തിനു നല്‍കിയ പേരുതന്നെ ധാരാളം. ആവാസവ്യവസ്ഥ നമ്മുടെ സുഖകരമായ ജീവിതത്തെ എത്രകണ്ട് സ്വാധീനിക്കുന്നുവെന്ന് ഇന്നത്തെ തലമുറയോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ വരാന്‍പോകുന്ന സമൂഹത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ളയാളാണ് ജയിംസ് മുല്ലശ്ശേരി. യുവതലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു സാഹിത്യപ്രവര്‍ത്തനമാണ് ഈ പുസ്തക രചനയിലൂടെ അദ്ദേഹം നടത്തിയിരിക്കുന്നത്. വലിയ ചിന്തകള്‍ക്കും സംവാദങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വഴിവയ്‌ക്കാന്‍ ഈ പുസ്തകത്തിന് ശക്തിയുണ്ട്.
നവോത്ഥാന നായകരുടെ നായകനായ വിശുദ്ധ ചാവറയച്ചനെക്കുറിച്ചുള്ള ഈ പുസ്തകം വായനയെ ഗൗരവമായി കാണുന്ന സമൂഹത്തിനു മുന്‍പില്‍ ആഴമേറിയ ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കും വാതായനങ്ങള്‍ തുറന്നുവയ്‌ക്കുന്നു. ഈ പുസ്തകത്തിന് പ്രൗഢമായ അവതാരിക എഴുതിയ ഗുരുരത്‌നം ജ്ഞാനതപസ്വിയുടെ നിരീക്ഷണങ്ങള്‍ കാന്തിയും മൂല്യവും ഒത്തിണങ്ങിയ വിശുദ്ധ ചാവറ- ഒരു ആവാസവ്യവസ്ഥ എന്ന ജീവചരിത്രാഖ്യയികയെ അനുവാചക ഹൃദയത്തോട് കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: