വാഷിങ്ടണ്‍: വ്യോമാക്രമണത്തില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും സമ്പുഷ്ടീകരിച്ച് കുഴിച്ചിട്ടിട്ടുള്ള യുറേനിയം വീണ്ടെടുക്കാന്‍ സാധിക്കും. ഇത് വീണ്ടെടുക്കാന്‍ ശ്രമിച്ചാല്‍ ഇനിയും ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍. വാഷിങ്ടണില്‍ ഇസ്രയേല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ യുഎസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ഇറാന്റെ ആണവകേന്ദ്രങ്ങളായ നതാന്‍സ്, ഇസ്ഫഹാന്‍, ഫൊര്‍ദോ എന്നിവിടങ്ങളില്‍ യുഎസാണ് വ്യോമാക്രമണം നടത്തിയത്. ഇതില്‍ ഈ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായി. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്ഫഹാനിലെ യുറേനിയത്തില്‍ കൂടുതലും സമ്പുഷ്ടീകരിച്ച നിലയിലായിരുന്നു. ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായെങ്കിലും ഈ യുറേനിയും വീണ്ടെടുക്കാന്‍ സാധിക്കും.
യുറേനിയം ഉപയോഗിച്ച് ആണവായുധം നിര്‍മിക്കാന്‍ ശ്രമിച്ചാല്‍ ഇസ്രയേല്‍ വെറുതെയിരിക്കില്ല. ഇറാനെ ഇസ്രയേല്‍ ഇപ്പോഴും നിരീക്ഷിക്കുന്നുണ്ട്. കുഴിച്ചിട്ട യുറേനിയം വീണ്ടെടുക്കാനുള്ള ശ്രമം നടന്നാല്‍ പുതിയ ആക്രമണം പ്രതീക്ഷിക്കാമെന്നും ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.
ആണവായുധ നിര്‍മാണത്തിനാണ് ഇറാന്‍ ഈ യുറേനിയം ഉപയോഗിച്ചിരുന്നത്. ഇസ്രയേല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ യുഎസിനേയും ധരിപ്പിച്ചു. യുഎസ് അനുകൂലിച്ചില്ലെങ്കിലും ഇസ്രയേല്‍ ആക്രമണത്തിന് ഒരുങ്ങിയിരുന്നു. ലോകത്തിന് തന്നെ വിനാശകരമാകുന്ന ആണവായുധ നിര്‍മാണത്തില്‍ നിന്ന് പിന്തിരിപ്പിക്കാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്, ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ആണവായുധം നിര്‍മിക്കുന്നില്ല. സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്നാണ് ഇറാന്‍ ആവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: