തൃശൂര്‍: കേരളത്തില്‍ എസ്എഫ്‌ഐ കാണിക്കുന്നത് ഗുണ്ടായിസമെന്ന് സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ക്യാമ്പസുകളെ എസ്എഫ്‌ഐയുടെ ഗുണ്ടാസങ്കേതങ്ങളാക്കി മാറ്റി. എഐഎസ്എഫിന് പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ജനാധിപത്യ ബോധം തൊട്ടുതീണ്ടാത്തവരാണ് എസ്എഫ്‌ഐക്കാരെന്നും സിപിഐ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് ക്യാമ്പസുകളുടെ അക്കാദമിക അന്തരീക്ഷം തകര്‍ക്കുന്നതില്‍ എസ്എഫ്‌ഐക്ക് വലിയ പങ്കുണ്ട്. എസ്എഫ്‌ഐയെ തിരുത്താന്‍ സിപിഎം തയ്യാറാകണമെന്നും സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മന്ത്രിമാരുടെ ധൂര്‍ത്തും ആഡംബര ജീവിതവും പൊതുജനം ചര്‍ച്ച ചെയ്യുകയാണ്. ജനകീയ വിഷയങ്ങളില്‍ സര്‍ക്കാരിന് ഇടപെടാനാകുന്നില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, തകര്‍ന്ന റോഡുകള്‍ പോലെയുള്ള വിഷയങ്ങള്‍ സര്‍ക്കാരിനെതിരെ ജനരോഷം സൃഷ്ടിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ സര്‍ക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയാകുമോയെന്ന് ആശങ്കയുണ്ടെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയരുന്ന തുടര്‍ച്ചയായ ആരോപണം തെരഞ്ഞെടുപ്പുകളിലടക്കം മുന്നണിക്ക് തിരിച്ചടിയുണ്ടാക്കുന്നു. ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെയും പൊതുചര്‍ച്ചയില്‍ അതിരൂക്ഷവിമര്‍ശനമുണ്ടായി. സിപിഐയുടെ വകുപ്പുകള്‍ക്ക് ധനമന്ത്രി പണം നല്‍കുന്നില്ലെന്നായിരുന്നു ബാലഗോപാലിനെതിരെ ഉയര്‍ന്ന വിമര്‍ശനം. സിപിഎം കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് പണം വാരിക്കോരി നല്‍കുന്നുമുണ്ട്.
സിപിഐ മന്ത്രിമാര്‍ക്കെതിരെയും അതിരൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. മന്ത്രിമാരായ കെ. രാജന്‍, ജി. അനില്‍, പി. പ്രസാദ് എന്നിവര്‍ പരാജയമാണ്. മുന്‍കാലത്ത് സിപിഐ മന്ത്രിമാര്‍ക്ക് സമൂഹത്തില്‍ കിട്ടിക്കൊണ്ടിരുന്ന നിലയും വിലയും ഇപ്പോഴുള്ളവര്‍ക്ക് കിട്ടുന്നില്ല. സ്വന്തം പ്രതിച്ഛായയില്‍ മാത്രമാണ് ഇവര്‍ ശ്രദ്ധയൂന്നുന്നത്. സിവില്‍ സപ്ലൈസ് വകുപ്പ് പലപ്പോഴും പരിഹാസ്യമായി മാറുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രി കെ. രാജനും മുന്‍മന്ത്രി വി.എസ്. സുനില്‍കുമാറും തമ്മിലുള്ള ശീതസമരം വലിയ ചേരിപ്പോരായി വളരുന്നതിനും തൃശൂര്‍ ജില്ലാ സമ്മേളനം സാക്ഷ്യംവഹിക്കുകയാണ്.
രാജനെതിരായ കടുത്ത വിമര്‍ശനത്തിന് പിന്നില്‍ വി.എസ്. സുനില്‍കുമാറാണെന്ന് ഒരു വിഭാഗം കരുതുന്നു. കീഴ്ഘടകങ്ങളില്‍ നടന്ന സമ്മേളനങ്ങളിലും മന്ത്രിക്കെതിരെ സുനില്‍കുമാര്‍ അനുകൂലികള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് ആസൂത്രിതമെന്നാണ് രാജന്‍ അനുകൂലികള്‍ പറയുന്നത്. മുഖ്യമന്ത്രിക്കെതിരെയും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയ്‌ക്ക് പോയത് ഉള്‍പ്പെടെ വിമര്‍ശനവിധേയമായി. സിപിഎം നേതാക്കളുടെ ആഡംബരത്തെയും അഴിമതിയെയും ന്യായീകരിക്കേണ്ട ഗതികേടിലാണ് സിപിഐ എന്നും പ്രതിനിധികള്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പിണറായിയെയും സിപിഎം നേതൃത്വത്തെയും ഭയമാണ്. മുന്‍കാലങ്ങളില്‍ വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രപ്പനും മറ്റും പാര്‍ട്ടിക്ക് വേണ്ടി സിപിഎം നേതാക്കളോട് കടുത്ത നിലപാട് സ്വീകരിക്കാന്‍ മടി കാണിച്ചിരുന്നില്ല. എന്നാല്‍ ബിനോയ് വിശ്വം ഇവരെ ഭയപ്പെടുന്നത് കൊണ്ട് പാര്‍ട്ടിയുടെ നിലപാടുകള്‍ പോലും മുന്നണി യോഗത്തില്‍ അവതരിപ്പിക്കുന്നില്ല. മൂന്നു ദിവസങ്ങളിലായി തുടരുന്ന സമ്മേളനം ഇന്ന് സമാപിക്കും. സിപിഐയുടെ സംസ്ഥാനത്തെ ഏറ്റവും പ്രധാന ജില്ലാ കമ്മിറ്റിയാണ് തൃശൂരിലേത്.
പുതിയ ജില്ലാ സെക്രട്ടറിയായി ടി.ആര്‍. രമേഷ്‌കുമാര്‍ തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. വി.എസ്. സുനില്‍കുമാറും ജില്ലാ സെക്രട്ടറിപദത്തില്‍ കണ്ണുനട്ട് രംഗത്തുണ്ട്. ഇരുപക്ഷവും മത്സരിക്കാനുറച്ചാല്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി കെജി. ശിവാനന്ദന്റെ പേരും നേതൃത്വം പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: