തിരുവനന്തപുരം: കേരളത്തിലെ കീം പരീക്ഷാ നടപടികളില്‍ നാളിതുവരെ ചരിത്രത്തില്‍ കാണാത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിട്ടുള്ളതെന്ന് ബിഡിജെഎസ് അദ്ധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ, രാജ്ഭവനില്‍ സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കീം പ്രതിസന്ധിക്ക് കാരണഭൂതന്‍ സംസ്ഥാന സര്‍ക്കാര്‍ ആണെന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയിട്ട് പന്താടുകയാണ് സര്‍ക്കാര്‍. കോടതികളില്‍ നിന്നും ഇരട്ട പ്രഹരം കിട്ടിയിട്ട് ന്യായീകരിക്കുന്നത് ലജ്ജാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യ സമരങ്ങള്‍ ജനങ്ങള്‍ക്ക് ഭരണഘടന ഉറപ്പാക്കുന്ന മൗലീക അവകാശങ്ങള്‍ തടയപ്പെടുന്നു. ഹര്‍ത്താലും പണിമുടക്കും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആകുമ്പോള്‍ അക്രമം പെരുകുന്നു. സമരങ്ങളിലൂടെ ജനങ്ങളെ തോല്‍പ്പിക്കാന്‍ ആണ് ഈ കൂട്ടര്‍ ശ്രമിക്കുന്നത്. സ്‌കൂളുകളില്‍ നിര്‍ബന്ധമായി സൂംബാ’ ഡാന്‍സ് നടപ്പിലാക്കണമെന്നും അതോടൊപ്പം സനാതന ധര്‍മ്മവും പഠിപ്പിക്കണമെന്നും തുഷാര്‍ പറഞ്ഞു.
ഭാരതാംബ രാഷ്‌ട്രത്തിന്റെ ചിഹ്നമാണെന്നും, അത് മതപരമല്ലെന്നും തുഷാര്‍ പറഞ്ഞു. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന അനാവശ്യ സമരങ്ങള്‍ അവസാനിപ്പിക്കണമെന്നും സര്‍വകലാശാലകളെ കലാപശാലകളാക്കി മാറ്റരുതെന്നും തുഷാര്‍ ആവശ്യപ്പെട്ടു.
ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ മാത്രമല്ല ഭാവിയില്‍ സെക്രട്ടറിയേറ്റിലും, ക്ലിഫ്ഹൗസിലും ജനങ്ങള്‍ തന്നെ സ്ഥാപിക്കുന്ന കാലം വിദൂരമല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: