തിരുവനന്തപുരം: കേരള സർവകലാശാലയുടെ പ്രവർത്തനം സാധാരണ നിലയിലാക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങൾ ഹൈക്കോടതിയിലേക്ക്. വിസിയുടെ സസ്പെൻഷൻ നടപടിയെ ധിക്കരിച്ച് രജിസ്ട്രാർ ഡോ. കെ. എസ് അനിൽകുമാർ അനധികൃതമായി ഓഫീസിൽ പ്രവേശിച്ചെന്നും രേഖകൾ കടത്തിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും ബിജെപി അംഗങ്ങൾ ആരോപിക്കുന്നു.
സംസ്ഥാന പോലീസ് പരാജയപ്പെട്ടതിനാൽ കേന്ദ്രസേനയുടെ സുരക്ഷ വേണമെന്നും ആവശ്യപ്പെടുന്നു. ഹർജി ഇന്ന് സമർപ്പിക്കുമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു. ഇന്നലെ വിസിയുടെ സസ്‌പെന്‍ഷന്‍ നടപടിയെ ധിക്കരിച്ച് രജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയിരുന്നു. രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം വിസി മോഹനന്‍ കുന്നമ്മലിന് അവധി അപേക്ഷ നല്‍കിയെങ്കിലും സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍ അവധി അപേക്ഷ നല്‍കുന്നതില്‍ എന്ത് പ്രസക്തി എന്ന് കാണിച്ച് നിരസിക്കുകയായിരുന്നു. ഇതില്‍ അരിശം പൂണ്ട ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അനില്‍കുമാറിനെ ഇന്നലെ രാവിലെ വിളിച്ചു വരുത്തുകയായിരുന്നു.
സര്‍വകലാശാലയിലെത്തിയാല്‍ അനില്‍കുമാറിനെ തടയണമെന്ന വിസിയുടെ ഉത്തരവും സുരക്ഷാ ഉദ്യോഗസ്ഥര്‍ പാലിച്ചില്ല. ഇതോടെ, സുരക്ഷാ വിഭാഗത്തിനൊപ്പമാണ് ഇന്നലെ അനില്‍കുമാര്‍ ചേമ്പറിലേക്ക് പോയത്. രജിസ്ട്രാര്‍ അതിക്രമിച്ച് കയറിയെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: