ന്യൂദൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ അവസാനം മാലിദ്വീപിലേക്ക് പോകുമെന്ന് റിപ്പോർട്ട്. ജൂലൈ 26 ന് നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ യാത്രയെന്നാണ് വിവരം.
2024 ൽ ഇന്ത്യ സന്ദർശിച്ച മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഖലീൽ മുയിസു പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ഈ സന്ദർശനമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുമായുള്ള ബന്ധം ആശങ്കാജനകമായിരിക്കുന്ന സമയത്ത് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള മാലിദ്വീപിന്റെ ഉദ്ദേശ്യത്തെ ഖലീലിന്റെ ഇന്ത്യാ സന്ദർശനം നേരത്തെ സൂചിപ്പിച്ചിരുന്നു.
അതേ സമയം ജൂലൈ 13 ന് ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈന സന്ദർശിക്കും. 2020 ലെ ഗാൽവാൻ ഏറ്റുമുട്ടലിന് ശേഷം ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രി ചൈന സന്ദർശിക്കുന്നത് ഇതാദ്യമായിരിക്കും.
ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായി അതേ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുന്നതും ഇതാദ്യമായിരിക്കും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഉഭയകക്ഷി ചർച്ചയ്‌ക്ക് സാധ്യതയുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ മാസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും എസ്‌സിഒ യോഗങ്ങൾക്കായി ചൈനയിലെത്തിയിരുന്നു. സമ്മേളനത്തിൽ ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കിയതിനെത്തുടർന്ന് സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ രാജ്‌നാഥ് വിസമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: