ആലുവ : വിൽപ്പനയ്‌ക്കായി സൂക്ഷിച്ച രാസ ലഹരി, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി യുവാവ് പിടിയിൽ. വടക്കേക്കര പട്ടണം ആളന്തുരുത്ത് കല്ലൂത്തറ വീട്ടിൽ വൈശാഖ് ചന്ദ്രൻ (31) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, വടക്കേക്കര പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 3.05 ഗ്രാം എം.ഡി.എം.എ, 79.73 ഗ്രാം ഹാഷിഷ് ഓയിൽ, 10.75 ഗ്രാം കഞ്ചാവ് എന്നിവയാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇരുപത്തി ഒന്ന് ഡപ്പികളിലായാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്.
താമസിക്കുന്ന വീടിന്റെ ടെറസിൽ പ്രത്യേകം സജ്ജമാക്കിയ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. കോയമ്പത്തൂരിൽ നിന്നാണ് മയക്ക് മരുന്ന് കൊണ്ടുവന്നത്. ചെറായി ബീച്ച് കേന്ദ്രീകരിച്ചാണ് വിൽപ്പന. മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയാണെന്നാണ് ലഭ്യമാകുന്ന വിവരം. കൂട്ടാളികളെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരുന്നു.
നർക്കോട്ടിക്ക് സെൽ ഡി.വൈ എസ് പി ജെ.ഉമേഷ് കുമാർ, മുനമ്പം ഡി വൈ എസ് പി എസ്.ജയകൃഷ്ണൻ, ഇൻസ്പെക്ടർ കെ.ആർ ബിജു, എസ്.ഐമാരായ എം.എസ് ഷെറി, വി.എ അഭിലാഷ്, എ എസ് ഐ റീന, സീനിയർ സി പി ഒ നവീൻ സി.ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: