ന്യൂദല്‍ഹി: സമുദ്ര പ്രതിരോധ ശേഷിക്കായി തദ്ദേശീയമായി നിര്‍മിച്ച എക്സ്റ്റന്‍ഡഡ് റേഞ്ച് ആന്റി സബ്മറൈന്‍ റോക്കറ്റിന്റെ (ഇആര്‍എഎസ്ആര്‍) പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി നാവികസേന അറിയിച്ചു. റോക്കറ്റ് ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷ. ഐഎന്‍എസ് കവരത്തിയില്‍ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം.
പ്രതിരോധ സാങ്കേതിക വികസനത്തിലെ രാജ്യത്തിന്റെ വളര്‍ച്ചയേയും സ്വാശ്രയത്വത്തെയും സൂചിപ്പിക്കുന്നതാണ് ഈ വിജയം. ഇരട്ട മോട്ടര്‍ കോണ്‍ഫിഗറേഷനിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് ഉയര്‍ന്ന കൃത്യതയും സ്ഥിരതയും ഉറപ്പാക്കുന്നു. റോക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക്ക് ടൈം ഫ്യൂസ് കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു സഹായിക്കുന്ന മറ്റൊരു സവിശേഷതയാണ്.
പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) യുടെ കീഴില്‍ വരുന്ന ആര്‍മമെന്റ് റിസര്‍ച്ച് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റും ഹൈ എനര്‍ജി മെറ്റീരിയല്‍സ് റിസര്‍ച്ച് ലബോറട്ടറിയും ചേര്‍ന്നാണ് ഇആര്‍എഎസ്ആര്‍ റോക്കറ്റ് വികസിപ്പിച്ചത്. നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കരാറില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡും സ്വകാര്യ ഉടമസ്ഥതയിലുള്ള നാഗ്പൂരിലെ സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് ലിമിറ്റഡുമുണ്ട്. ഇആര്‍എഎസ്ആറിന്റെ വിജയത്തില്‍ രാജ്‌നാഥ് സിങ് അഭിനന്ദനം അറിയിച്ചു. ഈ പരീക്ഷണ വിജയം നാവികസേനയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും തദ്ദേശീയമായി പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള സര്‍ക്കാര്‍ പ്രതിബദ്ധതയെ കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















