ന്യൂഡല്‍ഹി : കേരളത്തിലെ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ താഴേക്കും മുകളിലേക്കും എണ്ണാന്‍ അറിയുന്നവര്‍ 72% മാത്രം. ആറാം ക്ലാസില്‍ ഗുണനപ്പട്ടിക അറിയാവുന്നത് 67 ശതമാനം പേര്‍ക്ക് . ഒമ്പതാം ക്ലാസില്‍ ശതമാനം കൃത്യമായി പ്രയോഗിക്കാന്‍ അറിയാവുന്നത് 31 ശതമാനം പേര്‍ക്ക് മാത്രമെന്നും എന്‍സിഇആര്‍ടിയുടെ കീഴിലുള്ള പരഖിന്റെ നേതൃത്വത്തില്‍ നടത്തിയ രാഷ്‌ട്രീയ സര്‍വ്വേക്ഷണ്‍ സര്‍വേ വ്യക്തമാക്കുന്നു. രാജ്യത്തെ 74229 സ്‌കൂളുകളിലെ മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെ 21.15 ലക്ഷം വിദ്യാര്‍ഥികളിലാണ് സര്‍വേയുടെ ഭാഗമായത്.
കേരളത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി പ്രതിഭാസങ്ങളെ കുറിച്ച് അറിവുളളത് 46% വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശീയ ശരാശരിയെടുത്താല്‍ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ മുകളിലേക്കും താഴേക്കും കൃത്യമായി എണ്ണാന്‍ സാധിക്കുന്നത് 55% വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്. ആറാം ക്ലാസിലെ കുട്ടികളില്‍ പത്ത് വരെയുള്ള ഗുണനപ്പട്ടിക അറിയാവുന്നത് 53% പേര്‍ക്കും ഒമ്പതാക്ലാസില്‍ ശതമാനം ഉപയോഗിക്കാന്‍ അറിയുന്നത് 28% പേര്‍ക്കും മാത്രമാണ്.
















