കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിൽ മൺസൂൺ മഴയെത്തുടർന്ന് നദി കരകവിഞ്ഞ് 9 പേർ മരിക്കുകയും 19 പേരെ കാണാതാവുകയും ചെയ്തു. കൂടാതെ രാജ്യത്തെ ചൈനയുമായി ബന്ധിപ്പിക്കുന്ന ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. തിങ്കളാഴ്ച രാത്രി ചൈനയിൽ പെയ്ത പേമാരിയെത്തുടർന്നാണ് നേപ്പാളിലെ ബൊട്ടെകോഷി നദി വെള്ളത്തിനടിയിലായത്.
ഇതുവരെ 9 പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു, 19 പേരെ കാണാതായി, 57 പേരെ രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റി (എൻഡിആർആർഎംഎ) ഡയറക്ടർ ജനറൽ ദിനേശ് ഭട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേ സമയം വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നേപ്പാൾ സർക്കാർ 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കാണാതായവരിൽ ആറ് ചൈനീസ് പൗരന്മാരും മൂന്ന് പോലീസുകാരും ഉൾപ്പെടുന്നുണ്ട്.
കാഠ്മണ്ഡുവിൽ നിന്ന് 120 കിലോമീറ്റർ വടക്കുകിഴക്കായി റസുവ ജില്ലയിലെ ചില ഭാഗങ്ങളിൽ ചൊവ്വാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ മിതേരി പാലം, റസുവഗാധി ജലവൈദ്യുത നിലയം, നേപ്പാൾ-ചൈന അതിർത്തിക്ക് സമീപമുള്ള ‘ഡ്രൈ പോർട്ട്’ എന്നിവയുടെ ഭാഗങ്ങൾ പൂർണ്ണമായും തകർന്നതായി ഭട്ട് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ 3:15 ഓടെയുണ്ടായ വെള്ളപ്പൊക്കത്തിലാണ് മിതേരി പാലം ഒലിച്ചുപോയത്.
















