ലക്നൗ : ഹിന്ദുക്കളെ മതം മാറ്റിയ ചങ്ങൂർ ബാബയടക്കം സംഘത്തിലെ എല്ലാ കുറ്റവാളികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ട് ഇസ്ലാമിക മതപരിവർത്തന റാക്കറ്റ് നടത്തിയതിന് അറസ്റ്റിലായ ജമാലുദ്ദീൻ എന്ന ചങ്ങൂർ ബാബയുടെ 50 കോടിയിലേറെ വിലമതിക്കുന്ന ആഡംബര വീട് കഴിഞ്ഞ ദിവസം ബുൾഡോസർ കൊണ്ട് ഇടിച്ചു പൊളിച്ചിരുന്നു. അതിനു പിന്നാലെയാണ് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള തീരുമാനം.
. “സംസ്ഥാനത്ത് സമാധാനം, ഐക്യം, സ്ത്രീകളുടെ സുരക്ഷ എന്നിവ തകർക്കുന്നവർക്ക് സ്ഥാനമില്ല. സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ അവരെ നിയമപ്രകാരം ശിക്ഷിക്കും. ക്രമസമാധാനപാലന കാര്യങ്ങളിൽ ഉത്തർപ്രദേശ് സർക്കാർ ഒരു അലംഭാവവും വെച്ചുപൊറുപ്പിക്കില്ല. പ്രതികളുടെയും അയാളുടെ സംഘവുമായി ബന്ധപ്പെട്ട എല്ലാ കുറ്റവാളികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടും, അവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും,” യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശിലെ ബൽറാംപൂരിലെ മധുപൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ചങ്ങൂർ ബാബയുടെ ആഡംബര ബംഗ്ലാവ് എസ്ഡിഎമ്മിന്റെയും സിഒയുടെയും സാന്നിധ്യത്തിലാണ് പൊളിച്ചുമാറ്റിയത് . തിങ്കളാഴ്ച വസതിയുടെ ഗേറ്റിൽ ഒഴിപ്പിക്കൽ നോട്ടീസ് പതിച്ചിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഇൻസ്പെക്ടർ-ഇൻ-ചാർജ് അവധേഷ് രാജ് സിംഗ് പറഞ്ഞു.
3 ബിഗകളിലായി വ്യാപിച്ചുകിടക്കുന്ന ഭൂമിയിലാണ് ബംഗ്ലാവ് നിർമ്മിച്ചത്. നീതു റോഹ്‌റയുടെ പേരിലാണ് ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചങ്ങൂർ ബാബയും കുടുംബവും നീതു റോഹ്‌റ, ഭർത്താവ്, നവീൻ റോഹ്‌റ, മകൾ എന്നിവർക്കൊപ്പം ബംഗ്ലാവിൽ താമസിച്ചിരുന്നു.നീതു റുഹ്‌റ, നവീൻ റോഹ്‌റ, മകൾ എന്നിവരുടെ മതപരിവർത്തനം ദുബായിലെ അൽ ഫാറൂഖ് ഖമർ ബിൻ ഖത്താബ് സെന്ററിലായിരുന്നുവെന്നും 2015 നവംബർ 16 ന് ദുബായ് സർക്കാരിന്റെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് സാക്ഷ്യപ്പെടുത്തിയതായും എടിഎസ് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ, പാസ്‌പോർട്ടുകൾ പരിശോധിച്ചപ്പോൾ, പറഞ്ഞ തീയതിയിൽ അവർ ദുബായിൽ ഇല്ലായിരുന്നുവെന്ന് എടിഎസ് കണ്ടെത്തി.
ചങ്ങൂർ ബാബ വളരെ സംഘടിതമായ രീതിയിലാണ് മതപരിവർത്തന റാക്കറ്റ് നടത്തിയിരുന്നതെന്ന് എടിഎസ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വ്യക്തമായിട്ടുണ്ട്. വിദേശ ഫണ്ട് സ്വീകരിക്കുന്നതിനായി ആസ്വി എന്റർപ്രൈസസ്, ആസ്വി ചാരിറ്റബിൾ ട്രസ്റ്റ്, ആസിപിയ ഹസ്നി ഹുസൈനി കളക്ഷൻ, ബാബ താജുദ്ദീൻ ആസ്വി ബൊട്ടീക്ക് എന്നിങ്ങനെ വ്യാജ ട്രസ്റ്റുകളും ബിസിനസുകളും ചങ്ങൂർ ബാബ സ്ഥാപിച്ചു. ഈ ബിസിനസുകളുമായി ബന്ധപ്പെട്ട എട്ട് അക്കൗണ്ടുകൾ രണ്ട് ബാങ്കുകളിലായി തുറന്നു.
പൂനെയിൽ നിന്നുള്ള ഇദുൽ ഇസ്ലാം എന്ന വ്യക്തിയാണ് തന്റെ മതപരിവർത്തന റാക്കറ്റ് വ്യാപിപ്പിക്കുന്നതിന് ചങ്ങൂർ ബാബയെ സഹായിച്ചത്. അതിനുപുറമെ, അവിടെ നിന്ന് തന്റെ മതപരിവർത്തന റാക്കറ്റ് പ്രവർത്തിപ്പിക്കുന്നതിനായി അദ്ദേഹം വിവിധ സംസ്ഥാനങ്ങളിൽ ഭൂമി വാങ്ങുകയും താവളങ്ങൾ സ്ഥാപിക്കുകയും ചെയ്തു.അതേസമയം ചങ്ങൂർ ബാബയ്‌ക്ക് വധശിക്ഷ നൽകണമെന്നാണ് യുപി വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: