തിരുവനന്തപുരം: പ്രായമായ അമ്മമാരില്‍നിന്നും സ്വത്തും മാസാമാസമുള്ള പെന്‍ഷനും കൈക്കലാക്കിയിട്ടും അവരെ പരിരക്ഷിക്കാതിരിക്കുന്ന പെണ്‍മക്കളടക്കമുള്ളവര്‍ക്കെതിരെ ഒട്ടേറെ പരാതികള്‍ എത്തുന്നുണ്ടെന്നും ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുമെന്നും വനിതാ കമ്മിഷന്‍. നോട്ടീസ് അയച്ചാലും ഇക്കൂട്ടര്‍ പ്രതികരിക്കാറില്ലെന്ന് ചെയര്‍പേഴ്സണ്‍ പി. സതീദേവി പറഞ്ഞു.
അന്ധവിശ്വാസത്തെ മറയാക്കിയുള്ള കപട ചികിത്സാ സ്ഥാപനങ്ങളുടെ ചൂഷണത്തിന് വിധേയരാകുന്നവരില്‍ വിദ്യാസമ്പന്നരുമുണ്ട്. ഇത് സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരുന്നു. ശാസ്ത്രീയമായ ചികിത്സ ലഭ്യമായ, ഗുരുതര സ്വഭാവമുള്ള രോഗങ്ങള്‍ക്കുപോലും പലരും ആശുപത്രിയില്‍ പോകാറില്ല. പകരം അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ കപട ചികിത്സകരുടെ സഹായം തേടുന്നു. ഇക്കാര്യത്തില്‍ സമൂഹം കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ചെയര്‍പേഴ്സണ്‍ ഓര്‍മ്മിപ്പിച്ചു.
















