തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുമ്പോഴും സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നത് തൊഴിലാളിവിരുദ്ധ നിലപാടുകള്‍. മഴയും, വെയിലുമേറ്റ് സെക്രട്ടേറിയറ്റിനു മുന്നില്‍ നൂറ് ദിവസത്തിലധികമായി സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് നൂറ് രൂപ പോലും വേതനം കൂട്ടിക്കൊടുക്കാന്‍ തയാറാകാത്തവരാണ് സമരവുമായി രംഗത്തിറങ്ങിയത്. അധികാരത്തില്‍ തുടരുന്ന ഇടതുസര്‍ക്കാര്‍ കഴിഞ്ഞ ഒമ്പതു വര്‍ഷമായി നടത്തുന്നത് തൊഴിലാളിദ്രോഹ നടപടികള്‍ മാത്രമാണ്.
കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് താങ്ങുവില വേണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. നെല്ലിന് ഒരു കിലോയ്‌ക്ക് താങ്ങുവിലയായി നല്‍കുന്ന 28 രൂപ 20 പൈസയില്‍ 23 രൂപ കേന്ദ്രം നല്‍കുമ്പോള്‍ 5 രൂപ 20 പൈസയാണ് കേരളം നല്‍കുന്നത്. 2020-21ല്‍ സംസ്ഥാനം 9 രൂപ 52 പൈസ നല്‍കിയിരുന്നിടത്താണ് 5 രൂപ 20 പൈസ ആക്കി കുറച്ചത്. കേന്ദ്രം താങ്ങുവില വര്‍ദ്ധിപ്പിക്കുമ്പോഴെല്ലാം കേരളം വിഹിതം കുറയ്‌ക്കുകയാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ വീണ്ടും 69 പൈസ കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ കര്‍ഷകര്‍ക്ക് അതിന്റെ ഗുണം കിട്ടില്ല. പിആര്‍എസ് ബാങ്കില്‍ കര്‍ഷകരറിയാതെ ലോണെടുക്കുന്ന തട്ടിപ്പിനെ തുടര്‍ന്ന് നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കാലങ്ങളായി വര്‍ദ്ധിപ്പിക്കുന്നതുമില്ല.
കേരളത്തില്‍ എണ്ണൂറിലധികം കശുവണ്ടി ഫാക്ടറികളും മൂന്നര ലക്ഷത്തിലധികം തൊഴിലാളികളുമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ കശുവണ്ടി ഫാക്ടറികള്‍ നൂറില്‍ താഴെയായി. നിരവധി ഫാക്ടറികള്‍ പൂട്ടുകയും തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവും ഉണ്ടായി. ഈ മേഖലയിലെ പ്രബല യൂണിയന്‍ സിഐടിയു ആയിരിക്കുമ്പോഴായിരുന്നു ഇത്.
ആലപ്പുഴയില്‍ കയര്‍ പിരിക്കുന്നവരുടെ വേതനം 2018ല്‍ നിശ്ചയിച്ചതല്ലാതെ പിന്നീടൊരു മാറ്റവും വരുത്തിയില്ല. ചകിരി ലഭ്യമല്ലാത്തതിനാല്‍ കയര്‍ വ്യവസായം മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയും ഇവിടുത്തെ തൊഴിലാളികള്‍ മുഴുപട്ടിണിയിലാവുകയും ചെയ്തു.
സംസ്ഥാനത്തെ തോട്ടം തൊഴിലാളികളില്‍ മഹാഭൂരിപക്ഷത്തിനും 500 രൂപയില്‍ താഴെയാണ് ദിവസക്കൂലി. ഭൂരിപക്ഷം പേരും ചോര്‍ന്നൊലിക്കുന്ന ലയങ്ങളിലാണ് താമസിക്കുന്നത്. അവരെ പുനരധിവസിപ്പിക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കെഎസ്ആര്‍ടിസിയില്‍ നാലായിരത്തിലധികം താല്ക്കാലിക ജീവനക്കാരുണ്ടായിരുന്നു. തുച്ഛ വേതനത്തില്‍ പണിയെടുത്തിരുന്ന അവരെ പടിയിറക്കി. പകരം വേതനം കുറച്ച് ബദലി എന്ന പേരില്‍ നിയമിച്ചു. തൊഴില്‍ ചൂഷണത്തിന് വിധേയരാകുന്ന ഇവര്‍ക്ക് മിനിമം വേതനം പോലും നല്‍കുന്നില്ല.
കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിക്കാന്‍ സെസ് കൃത്യമായി ഈടാക്കുമെങ്കിലും നിര്‍മാണ തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ നല്‍കിയിട്ട് 16 മാസമായി. 3,82,000 പേരാണ് ഈ ദുരിതം അനുഭവിക്കുന്നത്. എന്നാല്‍ തൊഴിലുറപ്പ് മേഖലയില്‍ കേന്ദ്രം എട്ടു തവണയായി വേതനം വര്‍ദ്ധിപ്പിച്ച് ദിവസം 369 രൂപ നല്‍കുന്നുമുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണെങ്കില്‍ 18 ശതമാനം ക്ഷാമബത്ത കുടിശ്ശിക നല്‍കാനുണ്ട്. ശമ്പള പരിഷ്‌ക്കരണം നല്‍കിയിട്ടുമില്ല.













