മുംബായ്: ‘വര്‍ഷത്തിനുശേഷം ‘തുളസി’ വിരാനി തിരിച്ചെത്തുന്നു. ഒരു പുതിയ കഥയുമായി. ‘ക്യൂങ്കി സാസ് ഭി കഭി ബഹു തി’ വീണ്ടും വീടുകളുടെ ഭാഗമാകാന്‍ പോവുകയാണ്. നിങ്ങളും തയ്യാറാണോ?’ ആ പഴയ കാല ജനപ്രിയ സീരിയലിന്‌റെ പ്രൊമോ വീഡിയോയില്‍ അണിയറപ്രവര്‍ത്തകര്‍ ആരായുന്നു.
മുന്‍ കേന്ദ്രമന്ത്രിയും ടിവി താരവുമായ സ്മൃതി ഇറാനിയുടെ ജനപ്രിയ ഷോയായ ക്യുങ്കി സാസ് ഭി കഭി ബഹു തി ജൂലായ് 29 മുതല്‍ സ്റ്റാര്‍ പ്ലസില്‍ ആരംഭിക്കും. സ്മൃതി ഇറാനിയെ ടാഗ് ചെയ്തുകൊണ്ട് ആദ്യ പ്രൊമോ വീഡിയോ പുറത്തിറക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്ന ഈ ഷോ വളരെ ജനപ്രീതി നേടിയിരുന്നു. എല്ലാ തലമുറയിലെയും ആളുകള്‍ക്ക് ഈ ഷോ ഇഷ്ടപ്പെട്ടു. ഇപ്പോള്‍ വീണ്ടും ഈ ഷോയിലൂടെ, ആരാധകരുടെ പഴയ ഓര്‍മ്മകള്‍ പുതുക്കുക മാത്രമല്ല, പുതിയ ഓര്‍മ്മകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
‘ക്യൂങ്കി സാസ് ഭി കഭി ബഹു തിയില്‍ വീണ്ടും ചേരുന്നത് എനിക്ക് ഒരു തിരിച്ചുവരവ് മാത്രമല്ല, ടെലിവിഷന്‍ വ്യവസായത്തെ പുനര്‍നിര്‍വചിക്കുകയും എന്റെ ജീവിതത്തെ പുനര്‍നിര്‍മ്മിക്കുകയും ചെയ്ത ഒരു കഥയിലേക്കുള്ള തിരിച്ചുവരവാണ്.’ 17 വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ വീണ്ടുമെത്തുന്ന ഷോയെക്കുറിച്ച് സ്മൃതി ഇറാനി പറഞ്ഞു.
















