ഇസ്ലാമാബാദ് : ഹാഫിസ് സയീദിനെ ഇന്ത്യയ്‌ക്ക് കൈമാറണമെന്ന ബിലാവൽ ഭൂട്ടോയുടെ പ്രസ്താവനയ്‌ക്കെതിരെ രോഷാകുലരായി ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ . ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ ഹാഫിസ് സയീദിന്റെ മകനും യുഎപിഎ പ്രകാരം പ്രഖ്യാപിക്കപ്പെട്ട ഭീകരനുമായ തൽഹ സയീദും ബിലാവലിനെതിരെ രംഗത്തെത്തി. ബിലാവൽ ഭൂട്ടോ ഇന്ത്യയുടെ ഭാഷയാണ് സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ പ്രസ്താവന എല്ലാ പാകിസ്ഥാനികൾക്കും നാണക്കേട് ഉണ്ടാക്കിയെന്നും തൽഹ സയീദ് പറഞ്ഞു.
പാകിസ്ഥാനിൽ ഹാഫിസ് സയീദിനെതിരായ എല്ലാ ഭീകരവാദ കേസുകളും തെറ്റാണെന്നും അഭിമുഖത്തിൽ ബിലാവൽ പാകിസ്ഥാന്റെ ഭാഗം അവതരിപ്പിക്കണമായിരുന്നുവെന്നും തൽഹ സയീദ് പറഞ്ഞു. ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി മാത്രമാണ് ചെയ്തത്.ഹാഫിസ് സയീദിന്റെ വിഷയത്തിൽ ഇന്ത്യയുടെ ഭാഷയിൽ സംസാരിച്ചുകൊണ്ട് ഹാഫിസ് സയീദിനെ എതിർക്കരുതെന്നും തൽഹ പറഞ്ഞു.
ഖത്തറിലെ ഒരു അന്താരാഷ്‌ട്ര ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിലാവൽ ഭൂട്ടോ ഹാഫിസ് സയീദിനെയും മസൂദ് അസറിനെയും ഇന്ത്യയ്‌ക്ക് കൈമാറാൻ പാകിസ്ഥാന് കഴിയുമെന്ന് പറഞ്ഞത്. എന്നാൽ ചർച്ചകളിലും മറ്റ് കാര്യങ്ങളിലും ഇന്ത്യ ആദ്യം സഹകരണം കാണിക്കണമെന്നും , തീവ്രവാദ ധനസഹായം നൽകിയെന്ന കുറ്റത്തിന് പാകിസ്ഥാൻ തന്നെ ഹാഫിസ് സയീദിനെ ശിക്ഷിച്ചിട്ടുണ്ടെന്നും ഇന്ന് ഹാഫിസ് സയീദ് ജയിലിലാണെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.
അതേസമയം ലഷ്കർ തന്നെ എതിർത്തതോടെ ഹാഫിസ് സയീദിനെ കൈമാറുമെന്ന പ്രസ്താവന ബിലാവൽ ഭൂട്ടോ വരും ദിവസങ്ങളിൽ പിൻവലിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: