ഇസ്ലാമബാദ്: പാകിസ്ഥാന്‍ സേനാമേധാവി അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ട് പേര്‍ക്കും ഒട്ടേറെ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് വിലയിരുത്തല്‍. പാകിസ്ഥാന്റെ സൈനിക സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത് നീട്ടിക്കിട്ടാന്‍ വേണ്ടി തനിക്ക് പ്രസക്തിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് അസിം മുനീര്‍ ശ്രമിക്കുന്നത്. ട്രംപിനൊപ്പം നിന്നാല്‍ തനിക്ക് ആവശ്യമായതെല്ലാം കിട്ടുമെന്ന് അസിം മുനീര്‍ കരുതുന്നു.
ഭാവിയില്‍ ട്രംപിനെ സന്തോഷിപ്പിക്കാന്‍ ജമ്മുകശ്മീരില്‍ ഭീകരരെവിട്ടുള്ള ആക്രമണങ്ങള്‍ അസിം മുനീര്‍ സംഘടിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പിന്നില്‍ അമേരിക്കയുടെ താല്‍പര്യങ്ങളാണ്. കാരണം പാകിസ്ഥാന്‍ കൂടുതല്‍ അമേരിക്കയ്‌ക്ക് അടിമപ്പെടണമെങ്കില്‍ ഇന്ത്യാ-പാക് സംഘര്‍ഷം ആവശ്യമാണ്.
ട്രംപിനെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ ബന്ധുക്കള്‍ക്ക് പങ്കാളിത്തമുള്ള കമ്പനിക്ക് ക്രിപ്റ്റോ കറന്‍സി ആരംഭിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് വലിയ നേട്ടമാണ്. പാകിസ്ഥാന് ഐഎംഎഫിന്‍റേത് ഉള്‍പ്പെടെ കൂടുതല്‍ സാമ്പത്തിക സഹായം നേടാനായത് ഈ കീഴ്വഴങ്ങല്‍ മൂലമാണത്രെ.
ഭാവിയില്‍ അമേരിക്കയ്‌ക്ക് പാകിസ്ഥാനില്‍ ഒരു സൈനികത്താവളം സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. അസിം മുനീര്‍ വഴി ഇത് നടപ്പാക്കാന്‍ ട്രംപിന് രഹസ്യപദ്ധതിയുണ്ട്. ചൈനയെയും ഇന്ത്യയെയും ബംഗ്ലാദേശിനെയും നിരീക്ഷിക്കാന്‍ അമേരിക്കയ്‌ക്ക് ഈ സൈനികത്താവളത്തിലൂടെ സാധിക്കും. ചൈനയും യുഎസും തമ്മില്‍ അധികം വൈകാതെ വലിയൊരു യുദ്ധമുണ്ടാകുമെന്ന വിലയിരുത്തല്‍ അമേരിക്കയില്‍ ശക്തമാണ്. അത് ചിലപ്പോള്‍ തായ് വാനെച്ചൊല്ലിയായിരിക്കാം ആരംഭിക്കുന്നത്. അതല്ലെങ്കില്‍ റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ചൈന അവസാനഘട്ടത്തില്‍ ഇടപെട്ടേയ്‌ക്കുമോ എന്നൊരു ആശങ്കയും നിലവിലുണ്ട് അതിനാല്‍ ചൈനയെ നിരീക്ഷിക്കാന്‍ പാകിസ്ഥാനില്‍ ഒരു സൈനികത്താവളം എന്നത് ട്രംപിന്റെയും അമേരിക്കയുടെയും വളരെ നാളായുള്ള മോഹമാണ്. അസിം മുനീറിലൂടെ ഇത് നേടിയെടുക്കാനാവുമെന്ന് തന്നെയാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.
















