പെരുമ്പാവൂർ : പതിനൊന്ന് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസം നൗഗാവ് സ്വദേശി സാബിർ അഹമ്മദ് (27) നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.
ശനിയാഴ്‌ച വൈകിട്ട് ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തി പെരുമ്പാവൂരിലേക്ക് പോകുന്ന വഴി സൗത്ത് വാഴക്കുളത്ത് വച്ചാണ് ഇയാൾ അന്വേഷണസംഘത്തിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു സോപ്പുപെട്ടി ബോക്സിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു ഹെറോയിൻ കൊണ്ടുവന്നത്. ഒരു ബോക്സിന് മുപ്പതിനായിരം രൂപ നിരക്കിൽ വാങ്ങുന്ന ഹെറോയിൻ 50000 രൂപയ്‌ക്ക് വിൽപ്പന നടത്തി തിരികെ പോകുന്നതായിരുന്നു ഇയാളുടെ രീതി.
പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ ഐപിഎസ്, ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസ്, എസ്.ഐമാരായ എ.ബി സതീഷ് , എൽദോ, അജിമോൻ, എ.എസ്.ഐ പി എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ അബ്ദുൽ സലാം, വർഗീസ് ടി വേണാട്ട് , ടി.എ അഫ്സൽ, ബെന്നി ഐസക്, അനൂപ്, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: