തിരുവനന്തപുരം : രജിസ്ട്രാര്‍ക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാന്‍ വി സിക്ക് അധികാരമില്ലെന്ന വാദവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. തീരുമാനം എടുക്കാന്‍ സിന്‍ഡിക്കേറ്റിന് അധികാരമുണ്ടെന്നും അതുപ്രകാരമാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു.
സിന്‍ഡിക്കറ്റ് യോഗം വിളിച്ചു ചേര്‍ക്കാന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ട പ്രകാരമാണ് വി.സിയുടെ നേതൃത്വത്തില്‍ സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്നത്.ചര്‍ച്ച നടക്കുന്നതിനിടെ വി.സി ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഈ സാഹചര്യത്തില്‍ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ അവരില്‍ നിന്നുതന്നെ ചെയര്‍പേഴ്‌സനെ തെരഞ്ഞെടുത്തു.തുടര്‍ന്ന് ആ ചെയര്‍പേഴ്‌സണ്‍ സിന്‍ഡിക്കറ്റ് യോഗം നടത്തി രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. അതാണ് നിയമപരമായി നില്‍ക്കേണ്ടതെന്നാണ് മന്ത്രിയുടെ വാദം.
രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുളള വി.സിയുടെ നടപടി നിയമവിരുദ്ധമാണെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ചര്‍ച്ചയ്‌ക്ക് ശേഷം സിന്‍ഡിക്കറ്റ് യോഗം തീരുമാനം അറിയിച്ചപ്പോള്‍ വി.സി അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
കാവി പതാക ഏന്തിയ ഭാരതാംബയെ അംഗീകരിക്കില്ല. രാജ്യത്തെ സര്‍വകലാശാലകളില്‍ സംഘര്‍ഷാത്മക അന്തരീക്ഷം ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് മന്ത്രിയുടെ കുറ്റപ്പെടുത്തല്‍.















