Travel

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

Published by

വെള്ളത്തിൽ നീന്തി തുടിക്കുന്ന മീനുകളെ നമ്മൾ കണ്ടിട്ടുണ്ട് . എന്നാൽ രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യത്തെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ നേരെ മെക്സിക്കോയിലേക്ക് പറന്നോളൂ . അപൂര്‍വ ഇനത്തില്‍പ്പെട്ട ‘ആക്സോലോട്ടലു’കള്‍ എന്ന ഈ ജീവികള്‍ ഇന്ന് മെക്സിക്കന്‍ ടൂറിസ്റ്റ് സംസ്കാരത്തിന്റെ മുഖമുദ്രയാണ്.

പതിമൂന്നാം നൂറ്റാണ്ടിൽ മെക്സിക്കോ താഴ്‌വരയിൽ സ്ഥിരതാമസമാക്കിയ ആസ്ടെക്കുകൾ ദ്വീപിനു ചുറ്റുമുള്ള തടാകത്തിൽ ഒരു വലിയ അരണയെ കണ്ടു. അവരുടെ തലസ്ഥാനമായ ‘ടെനോചിറ്റ്ലിനി’ലായിരുന്നു അത്. തീയുടെയും മിന്നലിന്റെയും ദേവനായ സോളോട്ടലിന്റെ അവതാരമായാണ് അവര്‍ ആ അരണയെ കണ്ടത്. അതിനാല്‍ അവര്‍ ആ അരണയെ “ആക്‌സലോട്ട്” എന്ന് പേരിട്ടു വിളിച്ചു. ബലിയർപ്പിക്കപ്പെടാതിരിക്കാനായി അരണയായി രൂപം മാറി തടാകത്തില്‍ താമസിക്കുകയാണ് സോളോട്ടല്‍ എന്നായിരുന്നു ആസ്ടെക്കുകളുടെ വിശ്വാസം.

മീനുകള്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഇവ ശരിക്കും മീന്‍ അല്ല! ആംബിസ്റ്റോമ മെക്സിക്കാനം എന്ന് ശാസ്ത്രീയ നാമമുള്ള ആക്സോലോട്ടലുകള്‍ യഥാര്‍ത്ഥത്തില്‍ തവളയെപ്പോലെ ഒരു ഉഭയ ജീവിയാണ്. രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന ജീവിയായതിനാലാണ് ‘മെക്സിക്കന്‍ വാക്കിംഗ് ഫിഷ്‌’ എന്ന് ഇതിനെ വിളിക്കുന്നത്. മെക്സിക്കോ നഗരത്തിലെ സോചിമിൽകോ തടാകം പോലുള്ള ജലാശയങ്ങളിലാണ് ഇവയെ ആദ്യം കണ്ടെത്തിയത്.

വാല്‍ മുറിഞ്ഞ പല്ലി അത് വീണ്ടും മുളപ്പിച്ചെടുക്കുന്നതുപോലെ ശരീരാവയവങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവ് കാരണം ഇവയെ ശാസ്ത്ര ഗവേഷണങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു. മെക്സിക്കൻ വിപണികളിൽ പ്രധാന ഭക്ഷണ വിഭവമായി ഇവയെ വില്‍ക്കുന്നതും ഇവയുടെ എണ്ണം കുറയാന്‍ കാരണമായി.

ചിരിക്കുന്ന മുഖമുള്ള ഈ നടക്കും മത്സ്യം മെക്സിക്കോയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ്. മെക്സിക്കോ സിറ്റിയിലുടനീളം ഇവയുടെ ചിത്രങ്ങള്‍ കാണാം. ചുവരുകളില്‍ മാത്രമല്ല, ഗിഫ്റ്റ് ഷോപ്പുകളിൽ കളിപ്പാട്ടങ്ങളായി ഇവയുടെ ബൊമ്മകള്‍ വിൽക്കുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts