കൊച്ചി: ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് ശൃംഖലയിലുള്പ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതികളെ നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും. ഇതിനായി എന്‍സിബി നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഇവരെ കസ്റ്റഡിയില്‍ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡിലുള്ള കെറ്റമെലോണ്‍ തലവന്‍ എഡിസണെയും സുഹൃത്ത് അരുണ്‍ തോമസിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുവാനാണ് എന്‍സിബിയുടെ തീരുമാനം.
മറ്റൊരു കേസില്‍ അറസ്റ്റിലായി കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന വാഗമണ്ണിലെ റിസോര്‍ട്ട് ഉടമകളായ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരെയും അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങും. ഇവര്‍ക്ക് എഡിസണുമായി ബന്ധമുണ്ടെന്നാണ് എന്‍സിബി കരുതുന്നത്.
ഡാര്‍ക്ക്നെറ്റ് ശൃംഖല വഴിയുള്ള മയക്കുമരുന്ന് ഇടപാടില്‍ കൂടുതല്‍ വമ്പന്മാര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വെബ്സൈറ്റുകള്‍ കൂടാതെ, പ്രതികളുടെ മൊബൈലുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുവാന്‍ നടപടി തുടങ്ങിയതായും വിവരമുണ്ട്.
വിവിധ പണമിടപാട് സ്ഥാപനങ്ങളിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. മൂവാറ്റുപുഴ സ്വദേശി എഡിസണ്, കൂട്ടാളി അരുണ്‍ തോമസ് ഇടുക്കിയിലെ റിസോര്‍ട്ട് ഉടമകളായ ദമ്പതികള്‍ എന്നിവരുടെ സ്വത്തുക്കളും നിക്ഷേപവും കണ്ടുകെട്ടാനാണ് തീരുമാനം.
മയക്കുമരുന്ന് സംഘത്തിന്റെ ഭാരതത്തിലെയും വിദേശത്തെയും നിക്ഷേപം, ക്രിപ്റ്റോകറന്‍സി വഴിയുള്ള ഇടപാടുകള്‍, മറ്റു സ്വത്തുവകകള്‍ എന്നിവ കണ്ടുകെട്ടാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: